ദോഹ: ചെറിയ പെരുന്നാൾ അവധി ആരംഭിച്ചിരിക്കെ യാത്രക്കാർക്ക് നിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. മേയ് ഒന്നു വരെ തുടരുന്ന ഈദ് അവധിക്കാലത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നതിന് യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഹമദ് വിമാനത്താവളം വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ് സംവിധാനം എല്ലാവർക്കും ലഭ്യമായിരിക്കും. ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെയും 2023 ഏപ്രിൽ 27 മുതൽ മേയ് ഒന്നു വരെയും ആദ്യ 60 മിനിറ്റ് സൗജന്യമായിരിക്കും. അതിന് ശേഷം സ്റ്റാൻഡേഡ് പാർക്കിങ് നിരക്കുകൾ ബാധകമായിരിക്കും.
പിക്-അപ്, ഡ്രോപ് ഓഫിനുമായി ഡ്രൈവർമാർ ഹ്രസ്വകാല പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും കർബ്സൈഡിൽ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്തിടരുതെന്നും എച്ച്.ഐ.എ നിർദേശിക്കുന്നു. പുറപ്പെടുന്നവർക്കും രാജ്യത്തെത്തുന്ന യാത്രക്കാർക്കും മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും ലഭ്യമായിരിക്കും. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരാനും വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.ഏപ്രിൽ 18 മുതൽ 23 വരെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കൊഴികെ മറ്റു സ്ഥലങ്ങളിലേക്ക് ഖത്തർ എയർവേസിൽ യാത്ര ചെയ്യുന്നവർക്ക് വെർട്ടിക്കൽ സർക്കുലേഷൻ നോഡിൽ (വി.സി.എൻ) സ്ഥിതി ചെയ്യുന്ന 11ാം നമ്പർ വരിയിൽ ചെക്ക്-ഇൻ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് മുതൽ നാല് മണിക്കൂർ വരെയാണ് ഈ സൗകര്യമുണ്ടായിരിക്കുക.
യാത്രക്കാർക്ക് സെൽഫ് സർവിസ് ചെക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഇതിലൂടെ യാത്രക്കാർക്ക് സ്വയം ചെക് ഇൻ ചെയ്യാനും ബോർഡിങ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്യാനും സാധിക്കും. ബാഗ് മുഴുവനായും പൊതിയാനുള്ള സൗകര്യവും ഇവിടെയുണ്ട്.
18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് തന്നെ ഇ-ഗേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. യാത്ര പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുമ്പ് ചെക്-ഇൻ അവസാനിക്കുമെന്നും പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും അധികൃതർ യാത്രക്കാരെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.