ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ ഒഴുകിയെത്തിയ വർഷമായിരുന്നു കടന്നുപോയതെന്ന് കണക്കുകൾ. 2020ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 41.37 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആകെ 17,702,635 പേർ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തു. വിമാനത്താവളത്തിലെ എയർ കാർഗോ പ്രവർത്തനങ്ങളിലും 20.71 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2021ൽ മാത്രം 2589283 ടൺ കാർഗോയാണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. ആറ് പുതിയ കാർഗോ ഡെസ്റ്റിനേഷനുകളും ഇക്കാലയളവിൽ ആരംഭിച്ചിട്ടുണ്ട്. എയർക്രാഫ്റ്റ് ലാൻഡിങ്ങിലും 28.12 ശതമാനം വർധന രേഖപ്പെടുത്തി. ടേക്ക് ഓഫ്, ലാൻഡിങ് വിഭാഗങ്ങളിലായി 169,909 വിമാനങ്ങളാണ് 2021ൽ ഹമദ് വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിപ്പിച്ചത്. 2021 അവസാനിക്കുമ്പോൾ എട്ട് പുതിയ വിമാനത്താവളങ്ങളിലേക്കുൾപ്പെടെ 156 കേന്ദ്രങ്ങളിലേക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യാൻ സാധിക്കും. പുതിയ പങ്കാളികളായി കഴിഞ്ഞ വർഷം റുവാണ്ട എയറും ഖത്തറിലെത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ധാക്ക, മാലി, ദുബൈ, കാഠ്മണ്ഡു, ലണ്ടൻ എന്നിവിടങ്ങൾ ഏറ്റവും കൂടുതൽ തിരക്കേറിയ ഡിപ്പാർട്ടിങ് ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുന്നു. ആഗോള വ്യോമയാന മേഖല താളംതെറ്റിയ സാഹചര്യത്തിലും ഹമദ് രാജ്യാന്തര വിമാനത്താവളം വ്യോമയാന മേഖലയിൽ ഒരുപിടി നേട്ടങ്ങൾ കരസ്ഥമാക്കിയെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി വിമാനത്താവളത്തിന്റെ സമർപ്പണത്തിനുള്ള തെളിവാണിതെന്നും യാത്രക്കാർക്ക് സുരക്ഷിത സഞ്ചാരം ഉറപ്പുനൽകുന്നതിന്റെ ഭാഗമായി കർശന സുരക്ഷാമാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്നും സാങ്കേതിക പുതുമയിലും സുസ്ഥിരതയിലും കൂടുതൽ വികാസത്തിനായി പുതിയ പങ്കാളിത്തത്തിൽ വിമാനത്താവളം എത്തിച്ചേർന്നതായും എഞ്ചി. അൽ മീർ കൂട്ടിച്ചേർത്തു. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക വിമാനത്താവള പങ്കാളികളെന്ന നിലയിൽ യാത്രക്കാർക്ക് പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ലോകകപ്പിനായി ഖത്തറിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോയവർഷത്തെ മികച്ച വിമാനത്താവളം, സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് പുരസ്കാരത്തിൽ ഒന്നാമത് എന്നീ മികച്ച നേട്ടങ്ങൾ കഴിഞ്ഞ വർഷം നേടാനായി. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം, 25-35 മില്യൺ പാസഞ്ചേഴ്സ് വിഭാഗത്തിലെ മികച്ച വിമാനത്താവളം എന്നീ ബഹുമതികളും ഞങ്ങളെ തേടിയെത്തി. മിഡിലീസ്റ്റിലെ മികച്ച വിമാനത്താവള ജീവനക്കാർ എന്നതും ഹമദ് വിമാനത്താവളത്തിനാണ് ലഭിച്ചത്. അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഹമദ് രാജ്യാന്തര വിമാനത്താവള വികസന പദ്ധതി 2022 സെപ്റ്റംബറോടെ പൂർത്തിയാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ. ഒ അക്ബർ അൽ ബാകിർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായുള്ള നിർമാണപ്രവൃത്തികൾ യഥാർഥ പാതയിലാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.