ദോഹ: സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ കാന്റീൻ സമിതി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സമിതി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ മറാഗി പറഞ്ഞു.
വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിന് സമിതി ചട്ടങ്ങളും പ്രത്യേക മാനദണ്ഡങ്ങളും ഉണ്ടാക്കിയതായും ആരോഗ്യ സുരക്ഷ വകുപ്പ് ഡയറക്ടർ കൂടിയായ അൽ മറാഗി കൂട്ടിച്ചേർത്തു. എല്ലാവരുടെയും സുരക്ഷക്കായി സ്കൂൾ കാന്റീൻ സൂപ്പർവൈസർമാരുടെ പങ്ക് സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സർക്കാർ സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ പോഷകാഹാരവും ഭക്ഷ്യസുരക്ഷയും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിൽപശാലയിൽ പബ്ലിക് സ്കൂൾ കാന്റീനുകളിൽനിന്നുള്ള 200നടുത്ത് സൂപ്പർവൈസർമാർ പങ്കെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ഖത്തർ ഡയബറ്റീസ് അസോസിയേഷൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ശിൽപശാല സംഘടിപ്പിച്ചത്. ആരോഗ്യകരമായ പോഷകാഹാരം എന്ന തലക്കെട്ടിൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന പോഷകാഹാര വിദഗ്ധ ഹിന്ദ് അൽ തമീമി പ്രസന്റേഷൻ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.