ദോഹ: ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തിയത് റെക്കോഡ് സന്ദർശകർ. ഈവർഷം ആദ്യ പകുതി പിന്നിടുമ്പോൾ 14 ലക്ഷം പേരാണ് എച്ച്.എം.സി ഒ.പിയിൽ ചികിത്സ തേടിയതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രതിമാസ കണക്കുകളിൽ സൂചിപ്പിക്കുന്നു. അതേസമയം, ലാബ് പരിശോധനയുടെ എണ്ണം 1.10 കോടിയാണ്.
ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ വിഭാഗമായ ഹമദ് കോർപറേഷന് കീഴിൽ ഒമ്പത് സ്പെഷലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്യൂണിറ്റി ആശുപത്രികളും ഉൾപ്പെടെ 12 ആശുപത്രികളാണ് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ആംബുലൻസ് സേവനവും ഹോം കെയർ സേവനങ്ങളും ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുണ്ട്.
ഒ.പിയിൽ 2024 ജനുവരി മുതൽ ജൂൺ വരെ 14,28,627 പേരാണ് പരിശോധനക്കായി എത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ മാത്രം ആശുപത്രി ഒ.പികളിൽ 2,23,223 രോഗികൾ സന്ദർശിച്ച് ചികിത്സ തേടി. 17,80,867 ലബോറട്ടറി പരിശോധനകൾ നടത്തുകയും ചെയ്തു. 2024ലെ ആദ്യ ആറുമാസത്തിനുള്ളിൽ, എച്ച്.എം.സി നെറ്റ്വർക്കിലെ എല്ലാ ആശുപത്രികളും 1,97,204 രോഗികളെ കിടത്തി ചികിത്സിച്ചു.
2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആശുപത്രികളിൽ 11,238 കുട്ടികൾ ജനിച്ചതായും ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആംബുലൻസ് സേവനത്തിന് 1,91,564 അന്വേഷണങ്ങൾ ലഭിക്കുകയും 992 ലൈഫ് -ഫ്ലൈറ്റ് എയർ ആംബുലൻസ് സർവിസുകളും 2024ലെ ആദ്യ ആറ് മാസത്തിനുള്ളിൽ നടത്തി.
രോഗനിർണയം, ചികിത്സ, രോഗങ്ങൾ തടയൽ, അപ്പോയിൻമെന്റ് ബുക്കിങ് സംവിധാനം മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് സമയം കുറക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് ഹമദ് മെഡിക്കൽ കോർപറേഷൻ നടപ്പാക്കുന്നത്. മരുന്നുവിതരണത്തിലും ഈ വർഷം കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചു. 30,473 ഹോം ഡെലിവറി മെഡിക്കൽ ഡെസ്പാച്ചാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.