ദോഹ: മനുഷ്യക്കടത്ത് കേസിൽ പാകിസ്താൻ സ്വദേശികളായ രണ്ട് പ്രവാസികൾക്ക് 10 വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്ക് കീഴിലുള്ള ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ കാലയളവ് കഴിഞ്ഞതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധിന്യായത്ത പ്രശംസിച്ച് മനുഷ്യക്കടത്തിനെതിരായുള്ള ദേശീയ സമിതി രംഗത്തുവന്നു. നീതിക്ക് വേണ്ടിയുള്ള വിജയമായാണ് വിധിന്യായത്തെ കണക്കാക്കപ്പെടുന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള 2011ലെ 15ാം നമ്പർ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഗാർഹിക തൊഴിലാളികളാണ് കേസിൽ ഇരകളായത്. ഇരകളെ ബലം പ്രയോഗിച്ച് ചൂഷണം ചെയ്യുക, അടിമകളാക്കി മാറ്റുക, ഇരകളെ തടഞ്ഞുവെക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്യുക, വേതനമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുക, ഇരകൾക്കെതിരായ ശാരീരിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മനുഷ്യക്കടത്തിെൻറ പരിധിയിൽ പെട്ട സംഭവത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായും അവരെ ഉപദ്രവിക്കുന്നതായും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് പൊലീസ്, പബ്ലിക് േപ്രാസിക്യൂഷൻ, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി തുടങ്ങിയവർ സംയുക്തമായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇരകളായ ഗാർഹിക തൊഴിലാളികളെ കണ്ടെത്തി െപ്രാട്ടക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ സെൻററിൽ (അമാൻ) പ്രവേശിപ്പിക്കുകയും മതിയായ ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്തു. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതി ഉൾപ്പെടുന്ന അന്വേഷണത്തിനിടെ ലഭിച്ച ഫോറൻസിക് മെഡിക്കൽ സർട്ടിഫിക്കറ്റ്, സാക്ഷിമൊഴികൾ, ഇരകളുടെ മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതും തുടർ നടപടി സ്വീകരിച്ചതും. ഇരകൾക്ക് ഓരോരുത്തർക്കും രണ്ട് പ്രതികളും ചേർന്ന് 10 ലക്ഷം റിയാൽ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ അൽ ഫഖ്റു, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷൻ തുടങ്ങിയവർ കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ദോഹ: മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ സംരക്ഷണം, പുനരധിവാസം എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് പ്രത്യേക കേന്ദ്രംതന്നെ പ്രവർത്തിക്കുന്നുണ്ട്. അൽമഅ്മൂറയിലാണ് ഇത്. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്യൂമന്‍ കെയര്‍ സെൻറര്‍ (മാനുഷിക പരിചരണ കേന്ദ്രം) പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കടത്തിനിരകളാകുന്നവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യല്‍, അവരെ പുനരധിവസിപ്പിക്കല്, സമൂഹവുമായി സമന്വയിപ്പിക്കല്‍, ഇരകളെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ താല്‍ക്കാലികമായി ഏറ്റെടുക്കല്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറു വില്ലകളാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതില്‍ നാലു വില്ലകള്‍ പാര്‍പ്പിട താമസ ആവശ്യങ്ങള്‍ക്കായും രണ്ടെണ്ണം പൊതുസേവനങ്ങള്ക്കുമായാണ്. മികച്ചതും ഏറെ വ്യത്യസ്തവുമായ രീതിയിലാണ് വില്ലകളിലെ സൗകര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്.
ഇരകള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പരിരക്ഷയും സഹായവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പരാതി സമര്‍പ്പിച്ചാല്‍ തൊഴിലാളിയെ സ്വീകരിക്കാന്‍ രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റ് മുഖേന തൊഴിലാളിക്ക് പരാതി സമര്‍പ്പിക്കാം. സാധാരണ ക്രിമിനല്‍ പരാതികള്‍ സുരക്ഷ അഡ്മിനിസ്ട്രേഷനില്‍ നല്‍കാം.വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമുള്ള തൊഴിലാളി വിഭാഗത്തിന് സംരക്ഷണം നല്‍കുകയും സാമൂഹികക്ഷേമം
ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പുതിയ കേന്ദ്രത്തിെൻറ ലക്ഷ്യം. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നുള്ളിലെ സാമൂഹിക വികസനത്തിെൻറ തൂണുകളായാണ് ഇവയെ കണക്കാക്കുന്നത്.
സമാധാനവും സാമൂഹിക സമന്വയവും മറ്റുള്ളവരുടെ സ്വീകാര്യതയും ഉറപ്പുവരുത്തുക, സമൂഹത്തിലെ എല്ലാ മേഖലകളോടും ഗ്രൂപ്പുകളോടും പരസ്പരബഹുമാനം പുലര്‍ത്തുക എന്നീ മൂല്യങ്ങളോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.