ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ആഘോഷ പരിപാടിയുമായി എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഖത്തറിലെ മുഴുവൻ ഇന്ത്യൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് മേയ് 26ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഏരിയയിൽ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൊഴിലാളികളുടെയും മറ്റും കലാ-സാംസ്കാരിക പരിപാടികൾ, ഖത്തറിൽ ഏറ്റവും കുടുതൽ വർഷം സേവനം അനുഷ്ഠിച്ച തൊഴിലാളികൾക്കുള്ള ആദരവ് ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെ ‘രംഗ് തരംഗ്’ എന്ന പേരിൽ തൊഴിലാളിദിനം ആഘോഷിക്കുമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ വ്യക്തമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർക്കു പുറമെ, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി സംഘടന നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
1984ൽ രൂപവത്കരിക്കപ്പെട്ടതു മുതൽ ഖത്തറിലെ ഇന്ത്യൻ തൊഴിൽ സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന ഐ.സി.ബി.എഫിന്റെ പുതിയ സമിതി അധികാരമേറ്റശേഷം ആദ്യ തൊഴിലാളിദിന ആഘോഷമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ആഘോഷങ്ങളിൽ 20,000ത്തോളം തൊഴിലാളികൾ പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതൽ വൈവിധ്യമാർന്ന കലാ, സാംസ്കാരിക പരിപാടികളോടെയാണ് ‘രംഗ് തരംഗ്’ സംഘടിപ്പിക്കുന്നത്. മേയ് 26ന് വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെ പരിപാടി നീളും.
തൊഴിലാളികൾ, ഐ.സി.ബി.എഫ് അനുബന്ധ സംഘടനകൾ, ഇന്ത്യൻ കൾചറൽ ഗ്രൂപ് എന്നിവയിൽ നിന്നുള്ള കലാകാരന്മാരുടെ സംഗീത, നൃത്തങ്ങൾ അരങ്ങേറും. തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരുടെ പരിശീലനം പുരോഗമിക്കുന്നതായി ഐ.സി.ബി.എഫ് ഭാരവാഹികൾ അറിയിച്ചു.
ഇൻഡസ്ട്രിയൽ ഏരിയയിലെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ ക്ഷേമത്തിനായി ഇതിനകം നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഐ.സി.ബി.എഫ് ഭരണസമിതിക്ക് കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
റമദാനിൽ ഇഫ്താർ കിറ്റുകൾ, തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭക്ഷ്യക്കിറ്റുകൾ, മേയ് ഒന്നിന് തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടന്ന തൊഴിൽ ദിനാഘോഷം എന്നിവ സമീപകാലത്തെ പ്രവർത്തനങ്ങളായിരുന്നു. ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവർക്ക് തുന്നൽ, കരകൗശല നിർമാണം, മൈലാഞ്ചി ഡിസൈൻ, ഭാഷാപഠനം തുടങ്ങിയ പരിശീലന പരിപാടികളും നൽകി. ഇതിനു പുറമെ, മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ അനുബന്ധ സംഘടനകളുടെ സഹായത്തോടെ പൂർത്തിയാക്കാനും കഴിഞ്ഞു. ഐ.സി.ബി.എഫിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവാസി ഇന്ത്യക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 37,000 പേർ അംഗങ്ങളായതായി ഭാരവാഹികൾ അറിയിച്ചു.
വിവിധ തൊഴിലാളി ക്യാമ്പുകളിൽ മറ്റു രാജ്യക്കാരും ഉൾപ്പെടുന്നതിനാൽ അവർക്കും ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാവാൻ അവസരമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി വർക്കി ബോബൻ, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം. ബഷീർ, മുൻ പ്രസിഡന്റും ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ വിനോദ് നായർ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ.സി.ബി.എഫ് സെക്രട്ടറി ടി.കെ. മുഹമ്മദ്കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ, സറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്വൈസറി കൗൺസിൽ അംഗം ഹരിഷ് കാഞ്ഞാണി എന്നിവർ പങ്കെടുത്തൂ.
ദോഹ: ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന തൊഴിലാളികളെ ആദരിക്കുമെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു. 30 വർഷത്തിനു മുകളിൽ തൊഴിലാളിയായി (ബ്ലൂ കോളർ ജീവനക്കാരൻ) ജോലി ചെയ്യുന്ന അഞ്ചു പേരെയാണ് ‘രംഗ് തരംഗ്’ ആഘോഷ പരിപാടിയിൽ ആദരിക്കുന്നത്. നാമനിർദേശം ലഭിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് പ്രമുഖർ ഉൾപ്പെടുന്ന ചടങ്ങിൽ ആദരിക്കുക. മേയ് 22ന് മുമ്പായി icbfqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സ്വമേധയായോ അല്ലെങ്കിൽ മറ്റുള്ളവർക്കോ നാമനിർദേശം നൽകാം. കമ്പനിക്കോ സ്പോൺസർക്കോ കീഴിലായി ജോലി ചെയ്യുന്നവരായിരിക്കണം. ഫ്രീലാൻസ് വിസയിലുള്ളവരെ പരിഗണിക്കില്ല.
പേര്, ഖത്തറിലെ പ്രവാസത്തിന്റെ കാലയളവ്, തൊഴിൽ, കമ്പനി വിശദാംശങ്ങൾ, മൊബൈൽ നമ്പർ, അപേക്ഷകന്റെ ചുരുക്കവിവരം എന്നിവ സഹിതം നാമനിർദേശം നൽകണം. ഇ-മെയിൽ വഴിയാണ് നാമനിർദേശം നൽകേണ്ടത്. വിവരങ്ങൾക്ക് 66100744 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.