ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ (നടുവിൽ), റഷീദ് അഹമ്മദ്, നിർമല ഗുരു, ജാഫർ തയ്യിൽ, ദീപക് ഷെട്ടി.
ദോഹ: തൊഴിലാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിനിടയിലെ ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന് ജനകീയ മുഖം നൽകിയാണ് ഷാനവാസ് ബാവ വീണ്ടും ഐ.സി.ബി.എഫ് അധ്യക്ഷ പദവിയിലെത്തുന്നത്.
തൃശൂർ കൈപ്പമംഗലം സ്വദേശിയായ ഈ യുവ ചാർട്ടേഡ് അക്കൗണ്ടിന്റെ പ്രഫഷനൽ മികവും സംഘാടന ശേഷിയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഖത്തറിലെ ഇന്ത്യൻ സമൂഹം അടുത്തറിയുകയും ചെയ്തു.
രണ്ടു വർഷം മുമ്പ് കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) പ്രസിഡന്റായിരിക്കെയാണ് ഐ.സി.ബി.എഫിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായെത്തുന്നത്. അപരിചിതത്വം പക്ഷേ, പ്രവർത്തന കാലയളവിൽ പ്രകടമായില്ല. കേരളം മുതൽ ജമ്മു-കശ്മീർ വരെ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖത്തറിലെ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ഇത് പ്രവർത്തനത്തിനും ഊർജമായി.
ഐ.സി.ബി.എഫിന്റെ 40ാം വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിഞ്ഞ ടേമിൽ സാധിച്ചു. ദോഹയുടെ നഗരവട്ടത്തിൽ ഒതുങ്ങിയ ഫോറം പ്രവർത്തനങ്ങൾ ഖത്തറിന്റെ വിദൂര ദിക്കുകളിലുമെത്തിക്കാനായി.
കഴിഞ്ഞ കമ്മിറ്റി സ്ഥാനമേറ്റ് ആദ്യ രണ്ടു മാസത്തിനുള്ളിൽ എടുത്ത തീരുമാനമായിരുന്നു സ്പെഷൽ കോൺസുലാർ ക്യാമ്പ് ഖത്തറിലെ വിവിധ ഭാഗങ്ങളിലെത്തിക്കുക എന്നത്. അൽഖോർ, അൽ ഷമാൽ, ദുഖാൻ, മികൈനീസ്, ഇൻഡസ്ട്രിയൽ ഏരിയ ഇങ്ങനെ വിവിധ മേഖലകളിൽ ക്യാമ്പ് നടത്തിയത് എല്ലാ വിഭാഗക്കാർക്കും സൗകര്യപ്രദമായി. വരും വർഷങ്ങളിൽ ഇത് കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും -ഷാനവാസ് ബാവ ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു.
പുതിയ കമ്മിറ്റിയുമായി ആലോചിച്ച് അടുത്ത രണ്ടു വർഷം കൂടുതൽ ആകർഷകമായ പദ്ധതികൾ നടപ്പിലാക്കും. ഇൻഷുറൻസിനെ കൂടുതൽ പേരിലെത്തിക്കുന്നതിനു പുറമെ, എല്ലാ വരുമാനക്കാരായ പ്രവാസികൾക്കും ഉപകാരപ്പെടുന്ന നിക്ഷേപ പദ്ധതിയും നടപ്പിലാക്കണമെന്ന് ആഗ്രഹമുണ്ട്.
ഇൻഷുറൻസ്, പ്രവാസികൾ മരണപ്പെടുമ്പോൾ മാത്രമാണ് ഉപകാരപ്പെടുന്നത്. എന്നാൽ, തൊഴിലാളികൾ ഉൾപ്പെടെ കുറഞ്ഞവരുമാനക്കാർക്ക് കൂടി സഹായകമാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഇത് അവരുടെ ഭാവി ജീവിതത്തിന് സഹായകമാവും.
തൃശൂർ എം.ടി.ഐ ലെക്ചറർ സസ്നയാണ് ഭാര്യ. മോഡൽ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ഹന്ന ഫാത്തിമ മകളാണ്.
-ഷാനവാസ് ബാവ (പ്രസിഡന്റ്, ഐ.സി.ബി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.