ദോഹ: മുന്നിലെ എതിരാളികൾ ശക്തരാണെന്ന് അറിയാം. എന്നാൽ, ഭയക്കാതെ പോരാടുകയാണ് ഞങ്ങളുടെ ലക്ഷ്യം. കളിക്കാരോട് ആവർത്തിക്കുന്നതും അതുതന്നെ. തങ്ങളുടെ ഏറ്റവും മികച്ച ഫുട്ബാൾ കളത്തിൽ പ്രകടമാക്കും -ഖത്തറിലെത്തി പരിശീലനം തുടങ്ങി രണ്ടാംദിനം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് നൽകുന്ന ഉറപ്പിൽ ആത്മവിശ്വാസം തുടിക്കുന്നു.
‘ഗ്രൂപ് റൗണ്ടിലെ എതിരാളികൾ ഏറെ കരുത്തരാണ്. കഴിഞ്ഞ ഏഷ്യൻ കപ്പിനേക്കാൾ ശക്തരാണ് എതിരാളികൾ. കളിയുടെ ഫലമെന്തായാലും ലഭിക്കുന്ന ഓരോ പോയന്റും അതിശയകരമാകും. ഏറ്റവും മികച്ച പ്രകടനവും സ്ഥിരതയുള്ള ഫുട്ബാളും പുറത്തെടുക്കുകയാണ് ലക്ഷ്യം. ടീമിലെ 26ൽ 17 പേരും ആദ്യമായാണ് ഇത്രയും വലിയ ടൂർണമെന്റിൽ കളിക്കുന്നത്. എന്നാൽ, അവരെ കാത്തിരിക്കുന്നത് മികച്ച അനുഭവമായിരിക്കും’ -ദോഹയിലെത്തിയതിനു പിന്നാലെ എ.ഐ.എഫ്.എഫ് മീഡിയയുമായി സംസാരിക്കവെ ഇഗോർ സ്റ്റിമാക് പറഞ്ഞു. ‘എതിരാളികളുടെ വലുപ്പത്തിനും കരുത്തിനും മുന്നിൽ ഭയക്കാതെ കളിക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നത്. ടീമിന്റെ കളിമിടുക്ക് പുറത്തെടുക്കും. എന്താണ് അന്തിമ ഫലമെന്നതിനെക്കുറിച്ച് ആകുലപ്പെടുന്നില്ല. ടൂർണമെന്റ് ആസ്വദിച്ച് കളിക്കുകയും മികച്ച അനുഭവസമ്പത്ത് നേടുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ പ്രവേശിക്കുകയാണ് ഈ വർഷം പ്രധാന ലക്ഷ്യം. അതിനുള്ള കുതിപ്പിൽ ഏഷ്യൻ കപ്പിലെ ഓരോ മത്സരവും നേട്ടമാവും’ -കോച്ച് വിശദീകരിച്ചു. ശനിയാഴ്ച ദോഹയിലെത്തിയ ടീം കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പരിശീലനവും വർക്ക്ഔട്ട് സെഷനുകളുമായി സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.