ദോഹ: വെബ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ റെയിൽവേ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ഖത്തറിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ കമ്യൂണിക്കേഷൻ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇ, ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി എന്നിവരുമായാണ് ചൊവ്വാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്.
വിവിധ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും വിവര സാങ്കേതികത, കമ്യൂണിക്കേഷൻസ് മേഖലകളുടെ വളർച്ച, സ്റ്റാർട്ടപ്പ് സൗഹൃദപദ്ധതികൾ, നിർമിതബുദ്ധി, ഐ.ടി അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലയിലെ സംയുക്ത സഹകരണം സംബന്ധിച്ചും, ഇടപെടലുകളെ കുറിച്ചും ക്രിയാത്മക ചർച്ചകൾ നടന്നതായി ഐ.ടി മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അശ്വിനി വൈഷ്ണവ് ‘എക്സ്’പ്ലാറ്റ്ഫോമിൽ കുറിച്ചു. റെയിൽവേ മുതൽ വ്യോമ ഗതാഗതം, തുറമുഖ പ്രവർത്തനങ്ങളിലെ സഹകരണം, നിക്ഷേപം തുടങ്ങി വിവിധ വിഷയങ്ങളിൽ ഖത്തർ ഗതാഗത മന്ത്രിയുമായി ചർച്ചകൾ നടത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഗതാഗത, തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിൽ ഖത്തറിന് സുപ്രധാന പങ്കാളിയാകാൻ കഴിയുമെന്നും അശ്വിനി വൈഷ്ണവ് ‘എക്സി’ൽ കുറിച്ചു. ഇന്ത്യൻ അംബാസഡർ വിപുലും കൂടിക്കാഴ്ചയിൽ ഭാഗമായിരുന്നു.
ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെബ് സമ്മിറ്റിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി ഖത്തറിലെ ഇന്ത്യൻ ബിസിനസ് പ്രഫഷനൽ കൗൺസിൽ യോഗത്തിലും, ചൊവ്വാഴ്ച രാത്രി ഗ്രാൻഡ് ഷെറാട്ടൺ ഹോട്ടൽ അൽ ദഫ്ന ഹാളിൽ നടന്ന കമ്യൂണിറ്റി സ്വീകരണ പരിപാടിയിലും പങ്കെടുത്തു. ഇന്ത്യൻ എംബസി നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.