ദോഹ: പെരുമഴ പെയ്യുന്ന ജൂണിൽ നാട്ടിലെ മാമ്പഴത്തോട്ടത്തിലെത്തിയ പോലെയാണ് ഇപ്പോൾ സൂഖ് വാഖിഫ്. സൂഖിലേക്ക് നടന്നെത്തും മുമ്പേ തന്നെ, മാങ്ങ മണം തുടങ്ങും. നാട്ടു മാങ്ങ മുതൽ ഇതുവരെ കേൾക്കാത്തതും രുചിക്കാത്തതുമായ ലോഡുകണക്കിന് മാമ്പഴങ്ങൾ കുന്നോളം വലുപ്പത്തിൽ കാത്തിരിക്കുന്ന ‘ഇന്ത്യൻ ഹംബ’ മേള സൂഖിന് മാങ്ങാക്കാലം സമ്മാനിക്കുന്നു.
ഈത്തപ്പഴങ്ങളുടെയും തേനിന്റെയും ഉൾപ്പെടെ ശ്രദ്ധേയ മേളകൾകൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന സൂഖ് വാഖിഫിൽ ഇതാദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഒരു വിപണന-പ്രദർശന മേളയൊരുക്കുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.ബി.പി.സിയും ചേർന്നാണ് സൂഖ് വാഖിഫിന്റെ സഹകരണത്തോടെ സംഘാടനം ഒരുക്കിയത്. മേയ് 30ന് ആരംഭിച്ച് പത്തു ദിവസം നീളുന്ന മേള ശനിയാഴ്ച സമാപിക്കും. സ്വദേശികളും, വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവും യൂറോപ്യൻ, ഏഷ്യൻ ആവശ്യക്കാരിലേക്ക് മാമ്പഴ വൈവിധ്യങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മേളക്ക് കൊടിയിറങ്ങുന്നത്. സന്ദർശകത്തിരക്ക് പരിഗണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സൂഖിലെ മാമ്പഴ മേളയിലേക്കുള്ള പ്രവേശനം ഒമ്പത് മണിയിൽ നിന്നും പത്തു വരെയായി ഉയർത്തിയിരുന്നു. ഒരോ ദിവസങ്ങളിലും ആയിരങ്ങളാണ് മേളയിലെത്തി വൈവിധ്യമാർന്ന മാമ്പഴ രുചികൾ അറിയുന്നതും വാങ്ങിക്കൂട്ടുന്നതും.
കഴിഞ്ഞ ദിവസങ്ങളിൽ മേളക്ക് വൻ സ്വീകാര്യതയാണ് സന്ദർശകരിൽനിന്നും ലഭിച്ചതെന്ന് മേളയുടെ മീഡിയ കോഓഡിനേറ്റർ അബ്ദുള്ള പൊയിൽ പറഞ്ഞു. ‘ദിവസവും ശരാശരി 13ടൺ മാമ്പഴങ്ങൾ വിൽപന നടത്തുന്നു. ഖത്തരികൾ മുതൽ വിവിധ അറബ്, യൂറോപ്യൻ രാജ്യക്കാരാണ് ആവശ്യക്കാരായി ഏറെയുമെത്തുന്നത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നാട്ടിലെ മാങ്ങാക്കാലം ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്’ -അബ്ദുല്ല പൊയിൽ പറഞ്ഞു.
കേരളം മുതൽ കശ്മീർ വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40ഓളം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് മേളയിലെത്തിച്ചത്. വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലും ഇവ ഉപഭോക്താക്കൾക്കായി ലഭിച്ചു. അൽഫോൺസ, കേസർ, ബംഗനപ്പള്ളി, തോത്താപുരി, നീലം, മല്ലിക, മൽഗോവ, ലൻഗഡ തുടങ്ങിയ മാങ്ങകളാണ് സന്ദർശകരെ ആകർഷിക്കുന്നത്. മാങ്ങകൾക്കു പുറമെ, അനുബന്ധ ഉൽപന്നങ്ങൾക്കും വലിയ ആവശ്യക്കാരുണ്ട്. അച്ചാർ, ഉപ്പിലിട്ട മാങ്ങ വിഭവങ്ങൾ, ഐസ്ക്രീം മുതൽ മാമ്പഴ ദോശ, മാംഗോ പാനിപൂരി, മാങ്ങാ പിസ്സ തുടങ്ങി പുതിയ പരീക്ഷണങ്ങൾ വരെയൊരുക്കിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ സജീവമായി മേളക്കൊപ്പമുണ്ട്. ഇന്ത്യയിൽനിന്നും മാമ്പഴങ്ങളെത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ പ്രത്യേക ഇളവുകളും നൽകിയിരുന്നു. വൈവിധ്യമാർന്ന ഫെസ്റ്റുകൾകൊണ്ട് ശ്രദ്ധേയമായ സൂഖ് വാഖിഫിൽ അധികൃതർ ആദ്യമായൊരുക്കിയ മാമ്പഴമേളയും ബിഗ് ഹിറ്റായപ്പോൾ ഇന്ത്യൻ എംബസിയും സൂഖ് അധികൃതരും സന്തോഷത്തിലാണ്. വരും വർഷങ്ങളിലും മികച്ച മാമ്പഴ മേളയെത്തുമെന്ന പ്രതീക്ഷയോടെയാണ് ഇത്തവണ ഉത്സവകാലം കൊടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.