ദോഹ: ഗൾഫ് മേഖലയുടെയും അറബ് രാജ്യങ്ങളുടെയും സ്ഥിരതയിലേക്കും, രാജ്യാന്തര സുരക്ഷയിലേക്കും ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ജിദ്ദ സുരക്ഷ ഉച്ചകോടിയിലെ പ്രസംഗം. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമത്തെയും അധിനിവേശത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചും മേഖലയുടെ സ്ഥിരതക്ക് ഏറ്റവും ഭീഷണിയാവുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചുമായിരുന്നു അമീർ ജിദ്ദ ഉച്ചകോടിയിൽ സംസാരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്‍റെ അതിക്രമങ്ങളാണ് മേഖലയിൽ ഏറ്റവും വലിയ അസ്ഥിരത സൃഷ്ടിക്കുന്നത്.
ഫലസ്തീൻ അധീനതയിലുള്ള ജനവാസ മേഖലകളിലെ കുടിയേറ്റം നിർത്തുകയും, ജറൂസലമിന്റെ ഭൂമിശാസ്ത്ര ഘടനയിൽ മാറ്റം വരുത്തുന്നതും ഗസ്സയിലെ ഉപരോധവും അവസാനിപ്പിച്ചില്ലെങ്കിൽ മേഖലയിലെ അസ്വസ്ഥതകൾ അവസാനമില്ലാതെ തുടരുക തന്നെ ചെയ്യും- അമീർ വ്യക്തമാക്കി.
ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും, ഇത് അറബ്, മുസ്‌ലിം ലോകത്തെ ജനങ്ങളുടെയും ലോകമെമ്പാടുമുള്ള സമാധാനങ്ങളുടെയും ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫലസ്തീനിൽ ഇസ്രായേൽ അതിക്രമം തുടരുമ്പോൾ ഒരു തരത്തിലുള്ള അനുരഞ്ജനമോ വിട്ടുവീഴ്ചയോ അറബ് രാജ്യങ്ങളിൽ നിന്നുമുണ്ടാവില്ല. അത്തരമൊരു നടപടി ഉചിതവുമല്ല. അറബികൾ വിട്ടുവീഴ്ച ചെയ്യുമ്പോഴെല്ലാം ഇസ്രായേൽ ധിക്കാരപൂർവമാണ് പെരുമാറുന്നത്.
ഇസ്രായേലിന് എങ്ങനെ പൊതു അഭിപ്രായമുണ്ടോ അതുപോലെ തന്നെ അറബ് ലോകത്തിനും ഈ വിഷയത്തിൽ പൊതു അഭിപ്രായമുണ്ട്.
സ്വതന്ത്ര ഫലസ്തീൻ രാജ്യം എന്ന നിർദേശം നടപ്പാക്കാൻ അമേരിക്കക്ക് നിർണായക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ സ്ഥിരത കൈവരിക്കേണ്ടത് രാജ്യാന്തര സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും, അമേരിക്കയുമായുള്ള ഗള്‍ഫ് മേഖലയുടെ ബന്ധം ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും വേണമെന്നും അമീർ നിർദേശിച്ചു.
മേഖലയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിവിധ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ സംസാരിച്ചത്.
സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ സുരക്ഷിതത്വമോ സ്ഥിരതയോ പുരോഗതിയോ ഇല്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. രാജ്യാന്തര നിയമത്തിലെയും യു.എന്‍ ചാര്‍ട്ടറുകളിലെയും വ്യവസ്ഥകളിലൂടെ കലാപത്തിലെ കക്ഷികള്‍ സഹായം തേടുന്നത് അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്.
ശീതയുദ്ധത്തിന്റെ അവസാനം മുതല്‍ രാജ്യാന്തര നിയമങ്ങള്‍ക്കും യു.എന്‍ ചാര്‍ട്ടറുകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ശക്തികളുടെ സഖ്യത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് രാജ്യങ്ങള്‍ വാദിക്കുന്നതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
യമന്‍, സിറിയ, ലിബിയ, യുക്രെയ്ന്‍ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണേണ്ടതിന്റെ അനിവാര്യതയും രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി.
പ്രാദേശിക ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ മനുഷ്യരാശി ഒന്നടങ്കം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലുള്ള പങ്കാളിത്തം മറക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.
ഉച്ചയോടെ ജിദ്ദയിലെത്തിയ അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.