കൊച്ചിയിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ആ വാർത്ത ഞാനറിയുന്നത്. ഈസക്ക മരണപ്പെട്ടു. വിശ്വസിക്കാനായില്ല. അതുവരെ സഹയാത്രികരോടൊപ്പം വളരെ കഥകൾ പറഞ്ഞ് സന്തോഷവാനായിരുന്ന എന്റെ പെട്ടെന്നുള്ള ഭാവമാറ്റവും കണ്ണ് നിറഞ്ഞതും ശബ്ദമിടറിയതും സഹയാത്രികരിൽ നിന്നൊളിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്ത് പറ്റിയെന്ന അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ പരിസരം മറന്ന് ഞാൻ വിതുമ്പിപ്പോയി. ആ യാത്രയിൽ മുഴുവൻ ഞാനോർക്കുകയായിരുന്നു. ആരായിരുന്നു എനിക്ക് ഈസക്ക?.
25 വർഷങ്ങൾക്കുമുമ്പ് ഖത്തറിലെ ഒരു പ്രോഗ്രാമിലാണ് ആദ്യമായി തമ്മിൽ കാണുന്നത്. ഇത് ഞങ്ങളുടെ ഈസക്ക എന്നുപറഞ്ഞ് ആരോ ഒരാൾ പരിചയപ്പെടുത്തി. ‘എനിക്കറിയാം.. ഒരുപാട് കേട്ടിട്ടുണ്ട്’ -എന്ന എന്റെ മറുപടി കേട്ട അദ്ദേഹമെന്നെ ചെറിയൊരു ചിരിയോടെ ചേർത്തുപിടിച്ചു. ആ ചേർത്തുപിടിത്തം മരണം വരെ തുടർന്നു. ചിലപ്പോൾ ഒരു ജ്യേഷ്ഠസഹോദരനായി, മറ്റുചിലപ്പോൾ ഒരുത്തമ കൂട്ടുകാരനായി, ഇടക്കൊക്കെ പിതാവിന്റെ സ്ഥാനത്ത്. പ്രോഗ്രാമിന്റെയോ ചാനൽ ഷൂട്ടിങ്ങിൻെറയോ തിരക്കിൽ കുറച്ചധികനാളുകൾ വിളിക്കാൻ വൈകിയാൽ പിന്നെ വാക്കുകളിൽ പിണക്കവും പരിഭവവും ചാലിച്ചൊരു ചെറു കുട്ടിയായി. പ്രിയപ്പെട്ട ഈസാക്കാ നിങ്ങളെനിക്ക് ആരൊക്കെയോ ആയിരുന്നു. എന്ത് ആവശ്യത്തിനും സമയം നോക്കാതെ ആശ്രയിക്കാൻ പറ്റുന്നൊരാളായിരുന്നു ഈസക്ക. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഞങ്ങളോപ്പമുണ്ടായിരുന്ന ഒരു കലാകാരൻ അകാലത്തിൽ മരണമടഞ്ഞു. അദ്ദേഹം വീടുപണിക്കായി എടുത്തിരുന്ന ബാങ്ക് വായ്പ കുടിശ്ശികയായി ജപ്തി ഭീഷണി നേരിടുന്ന വിവരമറിഞ്ഞ് ഞങ്ങൾ കുറച്ചുപേർ ചേർന്ന് അനാഥമായ ആ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചു. പക്ഷേ, ഞങ്ങളാൽ കഴിയുന്നതിനുമപ്പുറമായിരുന്നു ആ ബാധ്യത. ചെറിയൊരു സഹായം ലഭിച്ചെങ്കിലോ എന്ന് കരുതി ഞാൻ ഈസക്കയെ വിവരം ധരിപ്പിച്ചു. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആവശ്യമായ ബാക്കി മുഴുവൻ തുകയും അദ്ദേഹം നൽകി. അതൊരു വലിയ തുകയായിരുന്നു. പിന്നീടൊരിക്കൽ, ഇത്രയും തുക അങ്ങയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ‘ഉപയോഗമില്ലാതെ ഇരിക്കുന്ന പണത്തിന് വെറും കടലാസിന്റെ വിലയെ ഉള്ളൂ ഷെരീഫെ’ എന്നാണ്.! ഇതുപോലെ എത്രയോ പേർക്ക്, എത്രയോ തവണ അദ്ദേഹം താങ്ങും തണലുമായിട്ടുണ്ട്..
ഖത്തറിലെത്തിയാൽ കാണാതെ, ഒരുമിച്ചിരുന്നു പാട്ടുകൾ പാടാതെ ഞങ്ങൾ പിരിഞ്ഞിട്ടില്ല. മഹാകവി മോയീൻ കുട്ടി വൈദ്യർ സ്മാരക മണ്ഡപത്തിൽ എന്നെപ്പോലുള്ളവർക്ക് പാടാൻ കഴിഞ്ഞതും ഈസക്ക മോയീൻ കുട്ടി വൈദ്യർ സ്മാരക ട്രസ്റ്റിന്റെ അധികാര ശ്രേണിയിൽ ഇരുന്ന കാലത്താണെന്ന കാര്യം നന്ദിയോടെ ഓർക്കുന്നു. ഖത്തറിൽ അദ്ദേഹം സംഘടിപ്പിക്കുന്ന പരിപാടികളിലായിരുന്നു പഴയകാലത്തെ ഇതിഹാസ ഗായകർക്കൊപ്പം ഞാനും വേദിപങ്കിട്ടത്. എം. കുഞ്ഞിമൂസക്ക, വി.എം കുട്ടി മാഷ്, എസ്.എ ജമീൽ, ചാന്ദ്പാഷ, പീർ മുഹമ്മദ് തുടങ്ങിയവർക്കൊപ്പം പഴയകാലങ്ങളിൽ യുവഗായകനായി പങ്കെടുക്കാൻ സാധിച്ചു.
വേദികളിലും ഞങ്ങൾ മാത്രമുള്ള ഇടങ്ങളിലും പാട്ടുകാർക്കൊപ്പം പാടാനും ഈസക്കയുണ്ടാകും. നാഗൂർ ഹനീഫയുടെ ‘ഫാത്തിമ വാഴ്ന്ത മുറൈ...’, ‘അല്ലാവൈ നാം തൊഴുതാൽ...’ തുടങ്ങി ഫേവറിറ്റ് പാട്ടുകൾ ഒരുപാട് തവണ ഒന്നിച്ചു പാടിത്തീർത്തു.
ഈസക്കയില്ലാത്ത പെരുന്നാൾ
ഖത്തറിലേക്കുള്ള ഓരോ വരവും എനിക്ക് പെരുന്നാൾ കൂടിയായിരുന്നു. പരിപാടിയുടെ സംഘാടകർ ആരായാലും എൻെറ വരവും കാത്ത് ഈസക്കയുണ്ടാകും. ആ കുടുംബത്തിലേക്കുള്ള വരവ് സ്വന്തം വീട്ടിലേക്കെന്നപോലെയായിരുന്നു. അദ്ദേഹത്തിൻെറ ആതിഥ്യം സ്വീകരിച്ച്, ഇഷ്ടപ്പെട്ട ഒരുപിടി പാട്ടുകൾ ഒന്നിച്ചു പാടി മാത്രമേ ഓരോ ഖത്തർ യാത്രയും പൂർത്തിയാക്കാറുള്ളൂ. ഇത്തവണയും പെരുന്നാളിന് ഞാൻ ഖത്തറിലെത്തുന്നുണ്ട്. കാത്തിരിക്കാനും, ഒപ്പം പാട്ടുകൾ പാടാനും ആ വലിയ മനുഷ്യനില്ലെന്നതാണ് ഏറ്റവുമേറെ വേദനിപ്പിക്കുന്നത്. എങ്കിലും ഈസക്കയില്ലാത്ത ആ വീട്ടിലേക്ക് ഞാനെത്തും. വലിയ മനുഷ്യൻ അന്ത്യവിശ്രമംകൊള്ളുന്ന ഖബറിടത്തിലെത്തി പ്രാർഥിക്കണം.
പല മരണങ്ങളും കേൾക്കുമ്പോൾ നമ്മൾ ഔപചാരികമായി പറയാറുണ്ട്, ആ മരണം നികത്താനാവാത്ത നഷ്ടമാണെന്ന്.. പക്ഷെ ഈസക്കയുടെ കാര്യത്തിൽ ആ വാക്ക് അക്ഷരാർഥത്തിൽ ശരിയാണ്. വല്ലപ്പോഴും മാത്രമേ ഇങ്ങനെ ചില മനുഷ്യർ പിറവിയെടുക്കാറുള്ളൂ..
അദ്ദേഹത്തോടൊപ്പം നിന്നവരെ മാത്രമല്ല, വലുപ്പച്ചെറുപ്പം നോക്കാതെ ഏതൊരു കലാകാരനെയും ഒരേ മനസ്സോടെ ആ മനുഷ്യൻ ചേർത്തുപിടിച്ചു.
അതെ.. ഈസക്ക ഒരു മനുഷ്യനായിരുന്നു..!
മനുഷ്യനായി ജനിച്ചാൽ മാത്രം പോരാ.. മനുഷ്യത്വത്തോടെ ജീവിക്കുകയും വേണം എന്ന് ജീവിതത്തിലൂടെ മറ്റുള്ളവരെ പഠിപ്പിച്ച മനുഷ്യൻ.. വെറുതെ ആശിക്കുകയാണ്.. പ്രിയപ്പെട്ട ഈസക്കാ.. താങ്കൾ ഇത്രയും വേഗം ഞങ്ങളെ വിട്ടുപോകരുതായിരുന്നു.. ഇനിയും എത്രയോ പേർക്ക് താങ്ങും തണലുമാവാൻ, ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ, ഒരുമിച്ചിരുന്നിനിയും ഒരുപാട് പാട്ടുകൾ പാടാൻ.. ഈസക്ക ഞങ്ങളോടൊപ്പം വേണമായിരുന്നു..!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.