ദോഹ: വെള്ളിയാഴ്ച ദോഹയിൽ നടന്ന ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് നമസ്കാരത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് രണ്ട് ജൂത പുരോഹിതരുടെ ചിത്രങ്ങളാണ്. റബായിമാരുടെ വേഷത്തിൽ ഫലസ്തീൻ കഫിയ്യ അണിഞ്ഞ്, ഫലസ്തീനും ചെറുത്തുനിൽപ് പോരാളികൾക്കും പിന്തുണ നൽകുന്ന പ്ലക്കാർഡുമേന്തി ജനാസ നമസ്കാരത്തിൻെറ ഭാഗമാവാനെത്തിയ രണ്ടുപേർ. സുരക്ഷാ പരിശോധന കടന്ന് പള്ളിയിലേക്ക് നടന്നുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങളും പിന്നാലെ, നമസ്കാര ശേഷം പ്ലക്കാർഡേന്തിയും കഫിയ്യ അണിഞ്ഞും അവർ ഫലസ്തീന് പിന്തുണയും നൽകുന്നു.
ബുധനാഴ്ച തെഹ്റാനിൽ വെച്ച് കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യക്ക് ആദരവർപ്പിക്കാനും, ഫലസ്തീൻ ചെറുത്തുനിൽപ് പോരാട്ടങ്ങളോട് ഐക്യപ്പെടാനുമായിരുന്നു ജൂത സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗമായ ‘നെതുറെ കർത’ എന്ന സംഘാംഗങ്ങൾ ദോഹയിലെത്തിയത്. ‘ജൂതന്മാർ സയണിസ്റ്റുകളല്ല’ എന്ന സന്ദേശമുള്ള പ്ലക്കാർഡുകളേന്തിയായിരുന്നു ഇമാം മുഹമ്മദ്ബിനു അബ്ദുൽവഹാബ് പള്ളിയിൽ ഇവർ ഹനിയ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
സയണിസ്റ്റ് വിരുദ്ധരായ ഈ സംഘം സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള വാദത്തിലൂടെ പ്രശസ്തരാണ്. ‘നഗരത്തിൻെറ കാവൽക്കാർ’ എന്നർഥമുള്ള അരാമിക് പദമാണ് ‘നെതുറെ കർത’. സയണിസത്തെ നിരാകരിക്കുകയും ഇസ്രായേൽ രാഷ്ട്ര നിലനിൽപിനെ എതിർക്കുകയും ചെയ്യുന്ന ജൂത പ്രസ്ഥാനമാണ് ഇത്. ഇസ്രായേലിൻെറ ആക്രമണങ്ങളെയും അധിനിവേശത്തെയും തുറന്നെതിർക്കുന്നതിലൂടെയും ഇവർ ശ്രദ്ധേയമാണ്. അക്രമണങ്ങളിലൂടെ ഭൂമി കൈവശപ്പെടുത്തുന്നത് ‘ദൈവഹിതത്തിന് വിരുദ്ധമാണെന്ന് വാദിക്കുകയും ഫലസതീൻ മണ്ണ് ഫലസ്തീനികൾക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ‘നെതുറെ കർത’ 1935ലാണ് രൂപവത്കരിക്കുന്നത്. ജറുസലേം ആസ്ഥാനമായി പ്രവർത്തിക്കുന്നവർ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലുമുണ്ട്.
ഇസ്മാഈൽ ഹനിയ വധിക്കപ്പെട്ട വാർത്തക്കു പിന്നാലെ, അപലപിച്ചും ആക്രമണങ്ങളെ തള്ളിയും നതുറെ കർത റബായിമാർ രംഗത്തെത്തിയിരുന്നു. ഇസ്മാഈൽ ഹനിയക്ക് ഫലസ്തീൻെറ ഭൂപടമുള്ള ചിത്രം സമ്മാനിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ‘നതുറെ കർത’യുടെ അനുശോചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.