ദോഹ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച പൊതുസേവന സ്മാർട്ട് ഫോൺ ആപ്പിനുള്ള പുരസ്കാരം ഖത്തർ ജനറൽ ഇലക്ട്രിക്കൽ ആൻഡ് വാട്ടർ കോർപറേഷന് (കഹ്റാമ).
റിയാദ് ആസ്ഥാനമായ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പുരസ്കാരമാണ് കഹ്റാമ ആപ്ലിക്കേഷൻ സ്വന്തമാക്കിയത്. 2022 ഏപ്രിലിലാണ് കഹ്റാമയുടെ നവീകരിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ പതിപ്പ് അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തിയ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് വിദഗ്ധർ ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയാണ് കഹ്റാമയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വിവിധ സേവനങ്ങളെ ഡിജിറ്റലൈസേഷൻ ചെയ്ത് കൂടുതൽ അനായാസമാക്കുക എന്ന ലക്ഷ്യത്തിനുള്ള അംഗീകാരമാണ് ജി.സി.സി പുരസ്കാരം തേടിയെത്തുന്നത്. കഹ്റാമയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ ആപ്ലിക്കേഷൻ സേവനം ലഭിച്ചതായും വിലയിരുത്തി.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി മുന്നേറുന്ന നൂതന സാങ്കേതികവത്കരണം രാജ്യത്തെ സാധാരണ ജനങ്ങളിലേക്കും എത്തിക്കുന്നതിൽ ആപ്പിന്റെ സേവനത്തിലൂടെ കഴിഞ്ഞുവെന്ന് ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് വിദഗ്ധ സമിതി പറഞ്ഞു.
നേരത്തെതന്നെ പ്രാബല്യത്തിലുള്ള ആപ്ലിക്കേഷൻ 2022 ഏപ്രിലിലാണ് മുഖം മിനുക്കി, കൂടുതൽ സേവനങ്ങളും ഏറ്റവും മികച്ച സംവിധാനങ്ങളുമായി അപ്ഡേറ്റ് ചെയ്ത് ഇറങ്ങിയത്. ഉപഭോക്താക്കൾക്ക് ലളിതമായി ഉപയോഗിക്കാനും ഏതുസമയത്തും സേവനങ്ങൾക്കായി അഭ്യർഥിക്കാനും കഴിയുന്നതാണ് ആപ്ലിക്കേഷൻ. അന്താരാഷ്ട്ര നിലവാരവും സാങ്കേതിക മികവും ആപ്ലിക്കേഷൻ സ്വന്തമാക്കിയതായി പുരസ്കാരം സമ്മാനിച്ച സമിതി വിലയിരുത്തി.
ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്താനുള്ള ചാറ്റ് ബോട്ട് സൗകര്യം സേവനം കൂടുതൽ മെച്ചപ്പെടുത്താനും സഹായകമാവുന്നു. ഖത്തറിലെ ജല, വൈദ്യുതി വിതരണ മേഖല നിയന്ത്രിക്കുന്ന സംവിധാനമാണ് കഹ്റാമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.