ദോഹ: ഇന്റർനെറ്റിലെയും ഡിജിറ്റൽ ലോകത്തെയും ചതിക്കുഴികളിൽനിന്നും തലമുറകൾക്ക് വഴികാട്ടിയാവാൻ ടെലിവിഷൻ വഴി പ്രത്യേക ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ച് ഖത്തർ വാർത്തവിനിമയ മന്ത്രാലയം. ‘സേഫ്സ് വേൾഡ്’ എന്ന തലക്കെട്ടിൽ വിശുദ്ധ റമദാനിൽ ഖത്തർ ടി.വിയിലൂടെ രണ്ടു ദിവസം ഇടവിട്ട് ഉച്ചക്ക് 2.52നാണ് ആനിമേറ്റഡ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.
കഥ പറയുന്ന രൂപത്തിലാണ് കുട്ടികൾക്കായുള്ള പരിപാടി. സുരക്ഷിതമായ ഇന്റർനെറ്റ്, ഗെയിമിങ് ശീലങ്ങൾ വളർത്തുകയാണ് ലക്ഷ്യം. ആകർഷകവും വൈജ്ഞാനികവുമായ പരമ്പര, കുട്ടികൾക്ക് വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ നൽകാനും ഡിജിറ്റൽ മേഖലയിലെ അപകട സാധ്യതകൾ അവരെ ചൂണ്ടിക്കാട്ടാനും ലക്ഷ്യമിടുന്നു.
10 ഭാഗങ്ങളായി സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ സൈബർ ഭീഷണി, സ്വകാര്യത സംരക്ഷണം, സമൂഹ മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം എന്നിവയുൾപ്പെടെ ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിലാണ് പരമ്പര തയാറാക്കിയിരിക്കുന്നത്. അവശ്യ ഡിജിറ്റൽ സുരക്ഷ മാർഗനിർദേശങ്ങളും ആശയങ്ങളും രസകരവും ആകർഷകവുമായി മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.