ദോഹ: ഖത്തറിലെ പ്രവാസി വനിതകളായ ആയിരങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി കെ.എം.സി.സി ‘ഫാമിലിയ 2024’. അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കെ.എം.സി.സി വനിതവിങ് പ്രഖ്യാപനവും നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
വനിതലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് വനിത വിങ്ങിന്റെ പ്രഖ്യാപനം നടത്തി. നാട്ടിലെയും പ്രവാസ ലോകത്തെയും സംഘടനാരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വനിതവിങ് കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി ആശംസ നേർന്നു. പുതുതായി രൂപവത്കരിക്കപ്പെട്ട വനിതവിങ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡൻറ് സമീറ അബ്ദുൽ നാസർ സംസാരിച്ചു.
കാലിക്കറ്റ് സർവകലാശാല എം.എ. മാത്തമാറ്റിക്സ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസിന് കെ.എം.സി.സി. ഖത്തർ എജുക്കേഷൻ എക്സലൻസി അവാർഡ് കൈമാറി. കലാ സാഹിത്യ സാംസ്കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തിൽ പ്രമുഖ ഗായകൻ താജുദ്ദീൻ വടകരയും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യയും വിവിധ കലാപരിപാടികളും നടന്നു.
സഹ്വ സൽമാൻ ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ, അൻവർ ബാബു, റഹീം പാക്കഞ്ഞി, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, താഹിർ താഹ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഫൈസൽ മാസ്റ്റർ, ഷമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.