ദോഹ: പതിറ്റാണ്ടു കാലം കാൽപന്ത് മൈതാനിയിൽ ആവേശത്തീ പടർത്തിയ ഇതിഹാസതാരങ്ങൾ കൺമുന്നിൽ. ബാഴ്സലോണയുടെ വിഖ്യാതമായ മെറൂണും നീലയും കലർന്ന കുപ്പായത്തിൽ പത്താം നമ്പറിൽ റൊണാൾഡീന്യോ, നായകൻ റിവാൾഡോ, റോജർ ഗാർഷ്യ എന്നിവർ ഒരേസമയം കളത്തിൽ.
ടികിടാകയിലൂടെ സ്പാനിഷ് കുപ്പായത്തിലും ബാഴ്സയിലും ഒരേകാലം കളിയഴക് തീർത്ത ഡേവിഡ് വിയ്യ മുതൽ എറിക് അബീദാലും പാേബ്ലാ സോറിനും ഉൾപ്പെടുന്ന കാറ്റലോണിയയുടെ ഇതിഹാസ നിര.
മറുപകുതിയിൽ പോർചുഗലിന്റെ ഇതിഹാസം ലൂയി ഫിഗോയും ക്ലാരൻസ് സീഡോഫും റൗൾ ബ്രാവോയും മുതൽ ഗോൾ വലക്ക് കീഴെ സാക്ഷാൽ ഐകർ കസിയസ് വരെ അണിനിരന്ന റയൽ മഡ്രിഡ്.
ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ പോരാട്ടങ്ങൾക്ക് വേദിയായ ഖത്തറിന്റെ മണ്ണിൽ ഏറെ സവിശേഷമായിരുന്നു വ്യാഴാഴ്ച രാത്രി നടന്ന ലെജൻഡ്സ് എൽ ക്ലാസികോ.
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്ക് മുന്നിൽ സൂപ്പർതാരങ്ങൾ പ്രായം തളർത്താത്ത കളിമികവുമായി ആരാധകമനം കവർന്നു.
മത്സരത്തിന്റെ ആദ്യപകുതിയിൽ മനോഹരമായ ഫ്രീകിക്കിലൂടെ റൊണാൾഡീന്യോയും സോറിനും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ റയലിനായി ഫിഗോയും എഡ്വിൻ കോംഗോയും ഗോൾ നേടി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസികോ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.