ദോഹ: പരിസ്ഥിതി സംരക്ഷണത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചാണ് ഖത്തർ ഫൗണ്ടേഷനുകീഴിലെ എജുക്കേഷൻ സിറ്റി മസ്ജിദ് (മിനാരതൈൻ) ഇത്തവണ റമദാൻ പൂർത്തിയാക്കിയത്. ഭക്ഷണം പാഴാക്കാതെയും മാലിന്യരഹിതവുമായ നോമ്പുകാലം എന്ന ചലഞ്ച് പൂർത്തിയാക്കിയ ഒരുമാസക്കാലം. ആത്മീയ സംസ്കരണത്തിനൊപ്പം നോമ്പുകാലത്ത് പുതിയ ശീലങ്ങൾകൂടിയായിരുന്നു മിനാരതൈനു കീഴിൽ വിശ്വാസികൾക്ക് നൽകിയതെന്ന് കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് ഔട്ട്റീച് കോഓഡിനേറ്റർ സുലൈമാൻ തിബോ ബാഹ് പറഞ്ഞു.
സീറോ വേസ്റ്റ് പദ്ധതിയിലൂടെ മാലിന്യങ്ങൾ പരമാവധി കുറക്കുക. ശേഷിച്ച മാലിന്യങ്ങളെ സംസ്കരിച്ച്, പുനരുപയോഗിച്ച് വീണ്ടും മാലിന്യരഹിതമാക്കുക എന്നതായിരുന്നു പദ്ധതി. അത് വലിയൊരളവുവരെ വിജയം കണ്ടതായി ബന്ധപ്പെട്ടവർ വിശദീകരിച്ചു.
‘ആദ്യ ഘട്ടത്തിൽ മാലിന്യം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി, മുൻവർഷത്തേക്കാൾ വിഭവങ്ങളുടെ അളവ് കുറക്കാൻ തീരുമാനിച്ചു. ഈ പദ്ധതി വിജയം കണ്ടു. 100 ശതമാനം ആളുകളും തങ്ങൾക്കു ലഭിക്കുന്ന ഭക്ഷണപ്പൊതികൾ പൂർണമായും കഴിച്ചു. അതേസമയം, കുറഞ്ഞ ശതമാനം ബാക്കിയാകുമ്പോൾ അവ വീട്ടിലേക്ക് കൊണ്ടുപോകാൻ അവരെ പ്രേരിപ്പിച്ചു’-ഖത്തർ ഫൗണ്ടേഷൻ എൻഗേജ്മെന്റ് ആൻഡ് ആക്ടിവേഷൻ എക്സ്പേർട് സൈമൺ ജോൺസ് പറയുന്നു.
പാക്കിങ് വഴിയുള്ള മാലിന്യം കുറക്കുകയായിരുന്നു മറ്റൊരു ഘട്ടം. നേരത്തെ ഒരാൾക്ക് പലവിഭവങ്ങൾ മൂന്നും നാലും പാക്കുകളിൽ നൽകിയപ്പോൾ, ഇത്തവണ എല്ലാം ഒരു പാക്കിൽ ഒതുക്കാൻ ശ്രമിച്ചു. ഒരു വ്യക്തിക്ക് ഒരു കണ്ടെയ്നർ മാത്രമാണ് വിതരണം ചെയ്തത്. അതിനായി പരിസ്ഥിതി സൗഹൃദ പൊതികളും ഉപയോഗപ്പെടുത്തി. പൊതി ആവശ്യമില്ലാത്ത പഴവർഗങ്ങൾ നൽകാനായതും സൗകര്യമായി.
ഉപയോഗിച്ച് വലിച്ചെറിയുന്ന ടേബ്ൾ കവറുകൾക്ക് പകരം, ശുചീകരിച്ച് വീണ്ടും ഉപയോഗിക്കാൻ പാകമായത് തിരഞ്ഞെടുത്തു. കുടിവെള്ളം കുപ്പിയിലായി നൽകുന്നതിന് പകരം, ഓരോരുത്തർക്കും പേപ്പർ കപ്പിൽ വെള്ളം വിതരണം ചെയ്തു. ലളിതമായ ഇത്തരം നടപടികളിലൂടെ ഒരുമാസംകൊണ്ട് വലിയൊരളവിൽ മാലിന്യം ഭൂമിയിൽ നിക്ഷേപിക്കുന്നത് തടയാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് സംഘാടകർ.
പ്രതിദിനം 1200 മുതൽ 1500 വരെ ആളുകളാണ് മിനാരതൈനു കീഴിൽ നോമ്പു തുറന്നത്. ഒരുമാസം കൊണ്ട് ഇതൊരു ശീലമായപ്പോൾ വലിയൊരളവ് മാലിന്യം കുറക്കാൻ കഴിഞ്ഞതായി സൈമൺ ജോൺസ് പറഞ്ഞു. ഈ മാതൃക വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാ ഇഫ്താർ ടെന്റുകളിലും സ്വീകരിച്ചാൽ മാലിന്യം പതിന്മടങ്ങ് കുറക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനു പുറമെ, നോമ്പു തുറക്കായി എല്ലാ ദിവസവും എത്തുന്ന പല രാജ്യക്കാരായ വിശ്വാസികൾക്കു മുന്നിൽ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 20 മിനിറ്റ് ബോധവത്കരണ പരിപാടിയും നടന്നിരുന്നു.ഇംഗ്ലീഷ്, ഹിന്ദി, ഉർദു, അറബിക്, മലയാളം ഉൾപ്പെടെ ഭാഷകളിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.