ദോഹ: ഇന്ത്യൻ സർവകലാശാലയായ പുണെ സാവിത്രിഭായ് ഫുലെ യൂനിവേഴ്സിറ്റിയുടെ ഖത്തർ കാമ്പസും (എം.ഐ.ഇ-എസ്.പി.പി.യു) ലുലു ഹൈപർമാർക്കറ്റും വിദ്യാർഥികളുടെ പ്ലേസ്മെന്റിലും കരിയർ വളർച്ചയിലും സഹകരിക്കുന്നത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്റേൺഷിപ്, തൊഴിലവസരം, പ്രഫഷനൽ മികവ് വളർത്തൽ തുടങ്ങിയ മേഖലയിൽ തന്ത്രപരമായ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ലുലു ഹൈപർമാർക്കറ്റ് റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ സർവകലാശാല ഖത്തർ കാമ്പസ് വൈസ് പ്രസിഡന്റ് യാസിർ നൈനാർ, ലുലു ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ ഷൈജാൻ എം.ഒ എന്നിവർ ഒപ്പുവെച്ചു. സർവകലാശാല ഡയറക്ടർ ബിമലേന്ദു ബി. നാഥ്, ഹെഡ് ഓഫ് ഓപറേഷൻസ് ദിനേശ് ബക്ഷി, ലുലു ഹൈപർമാർക്കറ്റ് റീജനൽ മാനേജർ ഷാനവാസ് പി.എം ഉൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഖത്തറിലെ യുവസമൂഹത്തിന്റെ വളർച്ചയിൽ പിന്തുണ നൽകുന്നതിലും സർവകലാശാലയിൽ സമർഥരായ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതിലും പങ്കുചേരാൻ കഴിഞ്ഞതിന് ലുലു ഗ്രൂപ്പിന് അഭിമാനമുണ്ടെന്ന് ഷൈജാൻ എം.ഒ പറഞ്ഞു.
ഹൈപർമാർക്കറ്റ് രംഗത്തെ മുൻനിര സ്ഥാപനമായ ലുലു ഗ്രൂപ്പുമായി കൈകോർക്കാൻ കഴിഞ്ഞതിലെ സന്തോഷം യാസിർ നൈനാൻ പങ്കുവെച്ചു. പുതിയ സഹകരണം സർവകലാശാല വിദ്യാർഥികൾക്ക് കോർപറേറ്റ് ലോകത്തേക്കുള്ള പ്രവേശനവും പുതിയ അനുഭവസമ്പത്തുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കരാർപ്രകാരം വിദ്യാർഥികൾക്ക് ഇന്റേൺഷിപ്, തൊഴിൽ നിയമനം, കരിയർ ഗൈഡൻസ് എന്നിവ ലുലു ഹൈപ്പർ മാർക്കറ്റിനു കീഴിൽ ലഭ്യമാകും. ഉന്നത നിലവാരത്തിലെ വിദ്യാഭ്യാസത്തിനൊപ്പം, വിദ്യാർഥികളുടെ കരിയർ വികസനത്തിന് കൂടി വഴിവെക്കുന്നതാണ് ഈ സഹകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.