ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യൻ സാന്നിധ്യമായി പ്രവാസി വ്യവസായികൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ഇന്ത്യയിലെ മുഖ്യമന്ത്രിമാരുമെല്ലാം സംബന്ധിക്കുന്ന ഫോറത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, വി.പി.എസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ലുലു ഗ്രൂപ് ഖത്തർ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഫോറത്തിന്റെ വിവിധ സെഷനുകളിൽ ഇവർ സംബന്ധിച്ചു. ഡച്ച് രാജ്ഞി മാക്സിമ, ബാങ്ക് ഓഫ് ഫ്രാൻസ് ഗവർണർ ഫ്രാങ്കോയിസ് വില്ലെറോയ് ഡി ഗൽഹാവു എന്നിവർ പങ്കെടുത്ത 'ഫിനാൻഷ്യൽ ഇൻക്ലൂഷൻ; അഡ്രസിങ് ദി ലാർജസ്റ്റ് ഗ്യാപ്' പാനൽ ചർച്ചയിൽ ലുലു ഫിനാൻഷ്യൽ ഹോൽഡിങ്സ് എം.ഡി അദീബ് റഹ്മാൻ സംസാരിച്ചു.
ലോകസമൂഹത്തിന്റെ സാമ്പത്തിക സന്തുലിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ചർച്ച ചെയ്യുന്നതായിരുന്നു ശ്രദ്ധേയമായ പാനൽ ചർച്ച.
സാമ്പത്തിക ഉൾക്കൊള്ളൽ വ്യാപാരങ്ങളുടെയും വ്യക്തിത്വത്തിന്റെയും അടിസ്ഥാനഘടകമാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്നും എന്നാൽ, ലോകത്തിന്റെ പകുതിയിലധികവും സാമ്പത്തികമായി തുല്യത നേടിയിട്ടില്ലെന്നത് വെല്ലുവിളിയായി തുടരുന്നുവെന്നും നിരീക്ഷിച്ചു. സാമ്പത്തികസാക്ഷരത ലോകജനതയുടെ മെച്ചപ്പെടലിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ക്രോസ് ബോർഡർ റമിറ്റൻസും മൈക്രോ ലോൺ മേഖലയിലും ഇടപെടുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. ലോകത്ത് 100 കോടിയിൽ അധികം ജനങ്ങൾ തങ്ങളുടെ വ്യക്തിഗത തിരിച്ചറിയൽ സംവിധാനമില്ലാത്തിനാൽ ഇന്നും ഔപചാരിക സാമ്പത്തിക രംഗങ്ങളിൽനിന്ന് പുറത്താണ്.
ഇന്ത്യയുടെ ആധാർ പദ്ധതിയും യു.എ.ഇയുടെ വേതന സംരക്ഷണ പദ്ധതിയും ഇത് മറികടക്കാനുള്ള മികച്ച വഴികളായി അദ്ദേഹം ഉദാഹരിച്ചു.
സാമ്പത്തികമേഖലയിൽ ഡിജിറ്റലൈസേഷന് അതിന്റേതായ മികവുണ്ടെന്നും ധനകാര്യസ്ഥാപനങ്ങൾ താഴേത്തട്ടിലുള്ള വൈകാരികതലങ്ങൾ പരിഗണിക്കുകയും അവക്ക് വ്യക്തിഗത പരിഹാരങ്ങളിലേക്ക് വഴിയൊരുക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.