ദോഹ: വിയറ്റ്നാം ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഫെസ്റ്റിവൽ ഓഫ് വിയറ്റ്നാ’മിന് തുടക്കമായി. ഖത്തറിലെ വിയറ്റ്നാം എംബസിയുമായി സഹകരിച്ച് നടത്തുന്ന വിപണന മേള മേയ് 26 വരെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും തുടരും. വിയറ്റ്നാമിന്റെ രുചി വൈവിധ്യങ്ങൾ മുതൽ സംസ്കാരവും, സമ്പന്നമായ പൈതൃകവുമെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് വിയറ്റ്നാം ഫെസ്റ്റ്. ഡി റിങ്ങ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ വിയറ്റ്നാം അംബാസഡർ ട്രാൻ ഡക് ഹങ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വൈവിധ്യമാർന്ന വിയറ്റ്നാം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും ഖത്തറും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ ഓഫ് വിയറ്റ്നാമിന് ലുലു വേദിയൊരുക്കുന്നത്. പ്രമോഷന്റെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ മുഴുവൻ ഔട്ലറ്റുകളിലുമായി 100ലധികം വിയറ്റ്നാം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്. പഴവർഗങ്ങൾ, ഗ്രോസറി, ഫ്രോസൻ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെയാണ് വിയറ്റ്നാം ഫെസ്റ്റ്. അരി, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, ഏറെ ശ്രദ്ധേയമായ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, മാംഗോസ്റ്റീൻ, ചക്ക ഉൾപ്പെടെ വിശിഷ്ടമായ വിയറ്റ്നാം ഉൽപന്നങ്ങളും പ്രമോഷനിൽ ഉൾപ്പെടുന്നു. കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപിടി ഉൽപന്നങ്ങൾ ലഭ്യമാണ്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലെ ലുലു ഗ്രൂപ്പിന്റെ മേയ് എക്സ്പോർട്സ് വഴി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. 2018ൽ ഹോചിമിൻ സിറ്റിയിൽ കയറ്റുമതി കേന്ദ്രം ആരംഭിച്ച വിവിധ രാജ്യങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് വിയറ്റ്നാം ഉൽപന്നങ്ങൾ എത്തിക്കുന്നതായും, ഭാവിയിൽ ഖത്തറും വിയറ്റ്നാമും തമ്മിലെ വ്യാപാര ബന്ധം കൂടുതൽ ഊഷ്മളമാവുമെന്നും ലുലു ഗ്രൂപ്പിന്റെ പങ്ക് നിർണായകമാണെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.