ദോഹ: പോളണ്ടിന്റെ രുചിയും ഉൽപന്നങ്ങളുമായി ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ടേസ്റ്റ് ഓഫ് പോളണ്ട്’ ഫെസ്റ്റിന് തുടക്കമായി. മാർച്ച് ഒന്നു വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ലുലു പേൾ ഖത്തർ ഔട്ട്ലറ്റിൽ ഖത്തറിലെ പോളണ്ട് അംബാസഡർ ജൻസസ് ജാനെക് നിർവഹിച്ചു. പോളണ്ട് എംബസി ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പോളിഷ് ബ്രാൻഡഡ് ഉൽപന്നങ്ങളും, പോളണ്ടിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ഉൾക്കൊള്ളുന്ന ശേഖരങ്ങളും രുചിവൈവിധ്യങ്ങളുമായാണ് ‘ടേസ്റ്റ് ഓഫ് പോളണ്ട്’ ഷോപ്പിങ് മേളക്ക് തുടക്കം കുറിച്ചത്.
ഖത്തറിലെ ആദ്യ പോളിഷ് റസ്റ്റാറന്റായ പോൾക റസ്റ്റാറന്റാണ് ഫെസ്റ്റിന്റെ ആകർഷണം. തത്സമയ കുക്കിങ്ങും പരമ്പരാഗത പോളിഷ് വിഭവങ്ങൾ രുചിച്ചറിയാൻ അവസരമൊരുക്കുന്ന പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പോളിഷ് ഉൽപന്നങ്ങളും ബ്രാൻഡുകളും രുചികളും ഖത്തറിലെ വിപണിയിലേക്ക് പരിചയപ്പെടുത്താനുള്ള ലുലു ഗ്രൂപ്പിന്റെ ഉദ്യമത്തെ അംബാസഡർ ജാനുസ് ജാനെക് അഭിനന്ദിച്ചു. പോളണ്ടിലെ ഭക്ഷ്യ-കാർഷിക മേഖലകളുടെ സമ്പന്നമായ ശേഖരം ഉപഭോക്താക്കളിലെത്തിക്കാൻ പ്രദർശനം സഹായകമാകുന്നു. ഗുണനിലവാരമുള്ള പാലുൽപന്നങ്ങൾക്കും രുചിക്കും പേരുകേട്ടതാണ് പോളണ്ട്. ഇവയുടെ വലിയ ശേഖരം ലുലു ഒരുക്കുന്നു. ഇത് ഉപഭോക്താക്കളിലെത്തിക്കാനുള്ള മികച്ച അവസരമാണ് ലുലു ഒരുക്കുന്നത് -അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പിനെ സെൻട്രൽ യൂറോപ്യൻ മേഖലയിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ചുവടുവെപ്പാണ് ടേസ്റ്റ് ഓഫ് പോളണ്ട് ഫെസ്റ്റ് എന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ‘നിലവിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്.
ആദ്യത്തെ അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലയായി ബാൾട്ടിക് മേഖലയിലേക്കും ചുവടുവെക്കുകയാണ്. ഭക്ഷ്യ ഉൽപാദനത്തിന്റെ ഉയർന്നുവരുന്ന കേന്ദ്രമായ പോളണ്ടിൽനിന്ന് ആരംഭിക്കാനാണ് ലുലുവിന്റെ പദ്ധതി’ -ഡോ. അൽതാഫ് പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മികവോടെ ‘ടേസ്റ്റ് ഓഫ് പോളണ്ട്’ ഫെസ്റ്റ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം പോളണ്ട് സന്ദർശിച്ച് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് പോളണ്ട് ഫെസ്റ്റും ആരംഭിക്കുന്നത്. സംഭരണം, കയറ്റുമതി യൂനിറ്റുകളോടെ കൂടുതൽ വിപുലീകരണ പദ്ധതികൾ ലക്ഷ്യമിടുന്ന രാജ്യങ്ങളിൽ ഒന്നാണ് പോളണ്ടെന്നും ഡോ. മുഹമ്മദ് അൽതാഫ് വിശദീകരിച്ചു. പോളിഷ് സർക്കാർ സ്ഥാപനങ്ങളായ ഓൾസ്റ്റിൻ മസൂറി എയർപോർട്ട്, പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസി എന്നിവയുമായി രണ്ടു ധാരണപത്രങ്ങളിലും ലുലു ഒപ്പുവെച്ചിരുന്നു. മധ്യ യൂറോപ്യൻ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ നിർണായകമാണ് ഈ കരാറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.