ദോഹ: ടൈപ് വൺ എസ്.എം.എ ബാധിതയായി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ നോവായി മാറിയ മൽഖ റൂഹിയുടെ ചികിത്സയിലേക്ക് ഒരു ലക്ഷം റിയാൽ സംഭാവന നൽകി ലുലു ഹൈപർമാർക്കറ്റ്. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്കാണ് ലുലു ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്രയും തുക സംഭാവന നൽകിയത്. ഒരു ലക്ഷം റിയാലിന്റെ ചെക്ക് ലുലു ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ അലി അൽ ഗാരിബിന് കൈമാറി. അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മൽഖ റൂഹിയുടെ ചികിത്സ ധനശേഖരണത്തിനുള്ള ഖത്തർ ചാരിറ്റി ശ്രമങ്ങൾക്ക് ലുലു ഹൈപർമാർക്കറ്റ് നൽകിയ പിന്തുണക്ക് അലി അൽ ഗാരിബ് നന്ദി അറിയിച്ചു. 12 ദശലക്ഷം റിയാൽ വിലയുള്ള മരുന്ന് ലഭ്യമാക്കാൻ ഇനിയും ഏറെ തുക വേണമെന്നും, ഖത്തർ ചാരിറ്റിയുടെ ഫണ്ട് ഡ്രൈവിൽ ഖത്തറിലെ വ്യക്തികളും സ്ഥാപനങ്ങളും എല്ലാത്തരത്തിലും പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലെ ധനശേഖരണ യത്നത്തിൽ പങ്കുചേരുന്നതിലെ സന്തോഷം ലുലു ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ പ്രകടിപ്പിച്ചു. കുഞ്ഞു മൽഖയുടെ ചികിത്സക്കാവശ്യമായ മരുന്ന് വൈകാതെ കണ്ടെത്താൻ കഴിയുമെന്നും, കൂട്ടായ ദൗത്യത്തിൽ ഖത്തർ ചാരിറ്റിയോടൊപ്പം ചേർന്നു നിൽക്കാൻ കഴിഞ്ഞത് ആദരവാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ കുഞ്ഞ് മൽഖ റൂഹിക്കും അവളുടെ കുടുംബത്തിനും ഒപ്പം ഞങ്ങളുടെ പ്രാർഥനയുണ്ട്. വേഗത്തിൽ രോഗം ഭേദമാവാൻ ആശംസിക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. പാലക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ അഞ്ചു മാസം പ്രായമുള്ള മൽഖ റൂഹിക്ക് ടൈപ് വൺ എസ്.എം.എ രോഗമാണ് സ്ഥിരീകരിച്ചത്. രോഗത്തിനെതിരായ മരുന്നിന് ഭീമമായ തുക ആവശ്യമായതിനാലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്നും ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചത്. ഖത്തർ ചാരിറ്റി ഓൺലൈൻ ലിങ്ക് വഴി ഫണ്ട് സമാഹരണത്തിൽ പങ്കുചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.