ദോഹ: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ‘മിന’ മേഖലയിൽ ഒന്നാമതായ ഖത്തർ, ആഗോള റാങ്കിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ആഗോള സമാധാന സൂചിക (ജി.പി.ഐ) 17ാമത് പതിപ്പിൽ അന്താരാഷ്ട്ര തലത്തിൽ 21ാം സ്ഥാനത്താണ് ഖത്തർ. മേഖലയിൽ നിന്നുള്ള ആദ്യ സ്ഥാനവും ഖത്തർ സ്വന്തമാക്കി. മുൻവർഷത്തേക്കാൾ രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇത്തവണ 163 രാജ്യങ്ങളുടെ പട്ടികയിൽ 21ലെത്തിയത്.
‘മിന’ മേഖലയിൽ കുവൈത്ത് രണ്ടാമതാണ് (ആഗോള റാങ്കിൽ 35). ഒമാന്‍, ജോർഡന്, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നില്‍. തുനീഷ്യ, മൊറോക്കോ, അൽജീരിയ, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മേഖലയിൽ നിന്നുള്ള മറ്റു രാജ്യങ്ങൾ. അതേസമയം, മിന മേഖലയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞ യമന്‍ ആണ്.
ഖത്തറിന് 1.524 ആണ് ഇൻഡക്സിലെ സ്കോർ. 1.124 സ്കോർ ചെയ്ത ഐസ്ലൻഡാണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. ഡെന്മാർക്, അയർലൻഡ്, ന്യൂസിലൻഡ്, ഓസ്ട്രിയ, സിംഗപ്പൂർ, പോർചുഗൽ, സ്ലൊവീനിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവരാണ് ആദ്യ പത്തിലുള്ളവർ. പട്ടികയിൽ 126ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2.314 ആണ് ഇൻഡക്സ് സ്കോർ. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്താനാണ് (163ാം റാങ്ക്).
സാമൂഹിക സുരക്ഷ, ആഭ്യന്തര-രാജ്യാന്തര കലാപങ്ങളുടെ തോത്, സൈനികവത്കരണം എന്നീ മൂന്നു പ്രധാന ഘടകങ്ങള്‍ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ ഇൻഡക്സ് നിർണയിക്കുന്നത്. തുടര്‍ച്ചയായ 16ാം വർഷമാണ് വർഷമാണ് മിന മേഖലയിൽ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ മാറുന്നത്.
ജി.പി.ഐയുടെ സൂചികയില്‍ ആഗോള തലത്തില്‍ ആദ്യ 25നുള്ളിൽ ഇടം പിടിച്ച രാജ്യവും ഖത്തറാണ്. രാഷ്ട്രീയ അസ്ഥിരത, ബാഹ്യ കലാപങ്ങള്‍, യു.എന്‍ സമാധാന പരിപാലന ധനസഹായം തുടങ്ങിയവ കൂടുതല്‍ മെച്ചപ്പെടുത്തിയതിനാല്‍ ഈ വര്‍ഷത്തെ സൂചികയില്‍ ഖത്തറിന്റെ പ്രകടനം കൂടുതല്‍ മികച്ചതായി. ഗൾഫ് രാജ്യങ്ങളുമായി സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തിയതും നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.