ദോഹ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുമായി ഖത്തർ അമിരി വ്യോമസേന വിമാനം ദോഹയിലെത്തി. യുദ്ധത്തിനിടയിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം ഫലസ്തീനികളുടെ 16ാമത് സംഘമാണ് വ്യാഴാഴ്ച എത്തിയത്. 1500 ഫലസ്തീനികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ മുതൽ വിവിധ ഘട്ടങ്ങളിലായി വിദേശകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഈജിപ്ഷ്യൻ സർക്കാറുമായി സഹകരിച്ച് നിരവധി പേരെ ഖത്തറിലെത്തിച്ചു.
പരിക്കേറ്റവരുമായെത്തിയവരെ ഖത്തർ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സ്വീകരിച്ചു. ഈജിപ്തിലെ അൽ അരിഷിൽനിന്ന് പുറപ്പെട്ട എല്ലാവരും സുരക്ഷിതമായി എത്തിയതായി അവർ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. ഓരോ സംഘത്തിലുമായി നിരവധി പേരെത്തുമ്പോൾ കുടുംബങ്ങളുടെ പുനഃസമാഗമത്തിന് കൂടിയാണ് ദോഹ സാക്ഷ്യം വഹിക്കുന്നതെന്നും മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പവും ബന്ധുക്കൾ പരസ്പരവുമെല്ലാമായി ദോഹയിൽ ഒന്നിക്കുകയാണെന്നും അവർ പറഞ്ഞു.
മെഡിക്കൽ ടീം, നാഷനൽ എയർഫോഴ്സ് ഉൾപ്പെടെ പിന്നിൽ പ്രവർത്തിച്ചവർക്കും അവർ നന്ദി അറിയിച്ചു. ഖത്തറിൽ നിന്നുള്ള 20 ടൺ ദുരിതാശ്വാസ സഹായവുമായി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിയ അമിരി വ്യോമസേനാ വിമാനത്തിലാണ് പരിക്കേറ്റവരെ ഖത്തറിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.