ദോഹ: ഇന്ത്യന്‍ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെൻറർ സംഘടിപ്പിക്കുന്ന കമ്യുണിറ്റി ആഘോഷ പരിപാടിയായ ‘പാസേജ് ടു ഇന്ത്യ’യിലെ ഖത്തറിലെ ദീർഘകാല പ്രവാസികളെ ആദരിക്കുന്നു. തൊഴിൽ തേടിയെത്തി ദീർഘകാലം പ്രവാസമണ്ണിൽ ജീവിക്കുന്നവർക്ക് ഇന്ത്യൻ കമ്യൂണിറ്റിയുടെ ആദരവ് കൂടിയായാണ് പ്രത്യേക പരിപാടി ഒരുക്കുന്നത്. ലോങ് ടേം റെസിഡൻറ് പുരസ്കാരത്തിന് അർഹരായ വിഭാഗങ്ങൾക്ക് തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്യാമെന്ന് ഇന്ത്യൻ കൾചറൽ സെൻറർ ഭാരവാഹികൾ അറിയിച്ചു.
മൂന്നു വിഭാഗങ്ങളിലായി ദീർഘകാലം ഖത്തറിൽ പ്രവാസികളായവർക്കാണ് ഇത്തവണ അവാർഡ് നൽകുന്നത്. നേരിട്ടോ, അല്ലെങ്കിൽ മറ്റുള്ളവർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. പൊതു വിഭാഗത്തിൽ ഖത്തറില്‍ 40 വര്‍ഷം പൂര്ത്തിയാക്കിയവരെയാവും പരിഗണിക്കുന്നത്. 1983നുമുമ്പായി ഖത്തറിൽ എത്തിയവരായിരിക്കണം ഇത്. വീട്ടുഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക മേഖലയില്‍ 30 (1993നുമുമ്പ്) വര്ഷത്തിലേറെയായവർ, വീട്ടുജോലിക്കാരിയായി 25 വര്‍ഷത്തിലേറെയായി (1998നുമുമ്പ്) ഖത്തറിലുള്ളവർ എന്നിവർക്കും അപേക്ഷിക്കാം.
തൊഴിലാളി, അല്ലെങ്കിൽ ബിസിനസ് കാലയളവ് മാത്രമേ പരിഗണിക്കൂ. ഖത്തറിൽ പ്രവാസിയായ കാലയളവ് ആകെ വർഷത്തിൽ കണക്കാക്കില്ല. പാസ്പോർട്ട്, ക്യു.ഐ.ഡി എന്നിവ സഹിതം അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 300 വാക്കുകളിൽ വ്യക്തിഗത വിവരങ്ങളും നൽകണം. ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദം 50 തികഞ്ഞതിന്റെ ആഘോഷ പരിപാടി കൂടിയാണ് ഇത്തവണത്തെ ‘പാസേജ് ടു ഇന്ത്യ’. മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ‘മിയ’ പാർക്കിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.