ദോഹ: ഏഷ്യൻ കപ്പും ഖത്തറിലെ വിനോദസഞ്ചാര സീസണും എക്സ്പോയും ഒരുമിച്ചെത്തിയപ്പോൾ പേൾ ഐലൻഡിലേക്ക് സന്ദർശക പ്രവാഹം. വിനോദസഞ്ചാരികളും ഫുട്ബാൾ പ്രേമികളും പ്രാദേശിക സഞ്ചാരികളുമടക്കം നിരവധിയാളുകളാണ് പേൾ ഐലൻഡിലേക്ക് ദിവസേന എത്തുന്നത്. ഐലൻഡിലെ മികച്ച അന്തരീക്ഷവും റീട്ടെയിൽ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകളുമാണ് സന്ദർശകരെ ആകർഷിക്കുന്നത്. 370ലധികം റീട്ടെയിൽ കേന്ദ്രങ്ങൾ, ഭക്ഷ്യ-പാനീയ ബ്രാൻഡുകൾ, വാസ്തുവിദ്യ, പ്രകൃതിസൗന്ദര്യം എന്നിവ ഉൾപ്പെടെ സമാനതകളില്ലാത്ത ആകർഷണങ്ങളുമായാണ് പേൾ കാത്തിരിക്കുന്നത്.
ഡക്ക് ലേക്ക്, ബീച്ച് സെൻട്രൽ, ദി പേൾ ഫോട്ടോ വാക്ക്, ദി പേൾ ഫൗണ്ടെയ്ൻ തുടങ്ങിയവയും ഐലൻഡിന് കൂടുതൽ ആകർഷണം നൽകുന്നു. 2023ൽ മാത്രം ഏകദേശം 20 ദശലക്ഷം വാഹനങ്ങളാണ് ഐലൻഡിലെത്തിയത്. ഇത് പേൾ ഐലൻഡിനെ ജീവസ്സുറ്റതാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ഖത്തർ ലോകകപ്പ് സമയത്ത് പേൾ ഐലൻഡ് ജനനിബിഡമായിരുന്നു.
ഏഷ്യൻ കപ്പിനോടനുബന്ധിച്ച് ഫുട്ബാൾ ആരാധകരും വിനോദസഞ്ചാരികളും ഐലൻഡിലെത്തുന്നതിനാൽ ഡെവലപ്പേഴ്സായ യു.ഡി.സി വിവിധ പരിപാടികളും ആവിഷ്കരിച്ചിരിക്കുന്നു. ഇവിടെയുള്ള റസ്റ്റാറന്റുകളും കഫേകളും ഏഷ്യൻകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഷോപ്പ് ഖത്തർ ഫെസ്റ്റിവലിലും പേൾ ഐലൻഡ് സജീവമായി പങ്കെടുക്കുന്നുണ്ട്. ഷോപ്പിങ്, ഡൈനിങ് അനുഭവങ്ങൾക്കൊപ്പം ആവേശകരമായ അവാർഡുകളും സമ്മാനങ്ങളും നേടാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇത് കുടുംബങ്ങളെയും ദ്വീപിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.