ദോഹ: വിമാനയാത്രക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ. വാക്സിനെടുത്ത സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി അധികൃതർക്ക് മുമ്പിൽ ഹാജരാക്കേണ്ടി വരുമെന്നും അൽ ബാകിർ പറഞ്ഞു. ബി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്തിൽ കയറുന്നതിന് മുമ്പായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് പുതിയൊരു നിയമമായി വരാൻ സാധ്യതയുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മാത്രമല്ല, അതത് രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പായി വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് രാജ്യങ്ങളും ആവശ്യപ്പെടുമെന്നും ഖത്തർ എയർവേയ്സ് ചീഫ് വ്യക്തമാക്കി. ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, അയാട്ട, ലോകാരോഗ്യ സംഘടന എന്നിവയുടെ സംയുക്ത പദ്ധതിയാണ് ഇത്. സുരക്ഷിതമായി ലോകത്തുടനീളം യാത്ര ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര അംഗീകൃത രേഖയായി ഇത് അറിയപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിനേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശാസ്ത്രം ഉത്തരം നൽകുന്നത് വരെ, അല്ലെങ്കിൽ അതിന് ഉത്തരമില്ലാത്ത കാലത്തോളം 2019ലേതിന് സമാനമായ യാത്രാ സാഹചര്യങ്ങൾ സമീപഭാവിയിലൊന്നും തിരികെ എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയേക്കാൾ മറ്റൊന്നിനും വില കൽപ്പിക്കുന്നില്ല. സുരക്ഷിത യാത്ര ഒരുക്കി യാത്രക്കാർക്ക് ആത്മവിശ്വാസം നൽകുന്നതിനാണ് ഖത്തർ എയർവേയ്സ് പ്രഥമ പരിഗണന നൽകുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.