ദോഹ: വൈദ്യുതി വിച്ഛേദിച്ച് ഗസ്സയെ ഇരുട്ടിലാക്കിയ അധിനിവേശസേനയുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേലിന്റേത്. ഉപരോധിച്ചും മാനുഷിക സഹായ വിതരണം തടഞ്ഞും, അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഗസ്സയിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നതാണ് അധിനിവേശസേനയുടെ നടപടി. മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കാൻ മാത്രമാണ് ഇത് വഴിയൊരുക്കൂവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനങ്ങളുടെ അവകാശങ്ങൾക്കുള്ള ഖത്തറിന്റെ പിന്തുണ ആവർത്തിച്ച മന്ത്രാലയം, 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്ര രൂപവത്കരണമാണ് പരിഹാരമെന്നും വ്യക്തമാക്കി.
വെടിനിർത്തലിന്റെ ആദ്യഘട്ടം പൂർത്തിയാകുകയും, രണ്ടാംഘട്ടം സംബന്ധിച്ച് ചർച്ചകളിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ വിച്ഛേദിച്ചത്. ഗസ്സ ഇരുട്ടിലമരുകയും, കുടിവെള്ള പ്ലാന്റുകളുടേത് ഉൾപ്പെടെ പ്രവർത്തനം നിലക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.