ദോഹ: നീണ്ട ഇടവേളക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തറിൽ. ദുബൈയിൽനിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, മറ്റു രാഷ്ട്രനേതാക്കൾ എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. 2016 ജൂണിലെ ഖത്തർ സന്ദർശനത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. ഇതിനിടെ, കഴിഞ്ഞ ഡിസംബർ ഒന്നിന് ദുബൈയിൽനടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമീറും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ രണ്ടാം ഖത്തർ സന്ദർശനം പ്രവാസികൾക്ക് സന്തോഷം നൽകുന്നതാണ്. ചരിത്രപരവും സൗഹൃദപരവുമായ ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ദൃഢമാകുന്നതിന് സന്ദർശനം വഴിവെക്കും’ -അംബാസഡർ അറിയിച്ചു.
വ്യാപര, നിക്ഷേപ, ഊർജ, സുരക്ഷ, വിദ്യാഭ്യാസ, സാംസ്കാരിക, കായിക മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിർത്തുന്നത്. രാഷ്ട്ര നേതാക്കളുടെയും മന്ത്രിമാരുടെയും സന്ദർശനങ്ങളും നയതന്ത്ര കൂടിക്കാഴ്ചകളും വഴി ഇവ ശക്തമായി. ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിെൻറ സുവർണജൂബിലി വർഷമായിരുന്നു 2023.
ഇന്ത്യയുടെ ഊർജ സുരക്ഷയുടെ പ്രധാനപങ്കാളി കൂടിയാണ് ഖത്തർ. 2022-23 വർഷങ്ങളിൽ 1900 കോടി ഡോളറിെൻറ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഏറ്റവുമൊടുവിലായി ഖത്തർ എനർജിയും ഇന്ത്യയുടെ പെട്രോനെറ്റ് എൽ.എൻ.ജിയും തമ്മിലെ 20 വർഷ ദ്രവീകൃത പ്രകൃതിവാതക ഇടപാടിനും കഴിഞ്ഞയാഴ്ച കരാറിലെത്തി. 2028ൽ ആരംഭിക്കുന്ന ഈ കരാർ വഴി 20 വർഷത്തെ എൽ.എൻ.ജി ഇടപാടിനാണ് ധാരണയായത്. ഇന്ത്യയുടെ പ്രധാന വിദേശ നിക്ഷേപ ഉറവിടം കൂടിയാണ് ഖത്തർ. ഒപ്പം ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 200ലേറെ വിമാന സർവിസുകളും നടക്കുന്നു -പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര, നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച് അംബാസഡർ വിശദീകരിച്ചു.
8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 20 സ്കൂളുകൾ, ഒരു സർവകലാശാല എന്നിവയും പ്രവർത്തിക്കുന്നു. എട്ടുലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ സമൂഹത്തിന് രണ്ടാം വീടാണ് ഖത്തറെന്നും, ഏറ്റവും ഒടുവിൽ ഏഷ്യൻ കപ്പ് ഫുട്ബാളിലെ ഖത്തറിെൻറ വിജയത്തെ രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശത്തോടെ ആഘോഷിച്ചതായും, 2022 ലോകകപ്പ് ഫുട്ബാളിെൻറ സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.