ദോഹ: രാജ്യത്തെ ആദ്യ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ജീവിതത്തിലേക്ക് തിരികെയെത്തുന്ന വ്യക്തിയെ കാണാനായി വ്യാഴാഴ്ച ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനിയെത്തി. കഴിഞ്ഞ ജൂണിൽ ശസ്ത്രക്രിയക്ക് വിധേയനായി ഹമദ് മെഡിക്കൽ കോർപറേഷനിലെ സ്പെഷാലിറ്റി സെൻററിൽ വിശ്രമിക്കുന്ന രോഗിയെ സന്ദർശിച്ച പ്രധാനമന്ത്രി അദ്ദേഹത്തിൻെറ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തിന് എത്രയുംവേഗം ജീവിതത്തിലേക്ക് തിരികെയെത്താൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഹമദിലെ സർജൻമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, അസിസ്റ്റൻറ് ടെക്നീഷ്യൻമാരടക്കം ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഏറ്റവും സങ്കീര്‍ണമായ സര്‍ജറികള്‍ സംഘടിപ്പിക്കാന്‍ തയാറാക്കിയ പ്രത്യേക കേന്ദ്രത്തിലെ ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
ഏറെ തയാറെടുപ്പുകൾക്കൊടുവിലായിരുന്നു ജൂണിൽ ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
എച്ച്.എം.സിയിലെ ഓർഗൻ ട്രാൻസ്പ്ലാൻറ് േപ്രാഗ്രാമിന് കീഴിലായിരുന്നു രാജ്യത്തെ ആദ്യ ശ്വാസകോശ മാറ്റ ശസ്ത്രക്രിയയും നടന്നത്. അസുഖബാധിതനായ രോഗിയുടെ ശ്വാസകോശത്തിന് പകരം ദാതാവിൽനിന്ന് ശ്വാസകോശം സ്വീകരിച്ച് മാറ്റിവെക്കുകയെന്നത് ആധുനിക വൈദ്യശാസ്ത്രത്തിൽ ഏറെ സങ്കീർണമായ ചികിത്സയാണ്.
ദാനം ചെയ്യുന്ന വ്യക്തിയിൽനിന്ന് അവയവം എടുക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘവും പിന്നീട് ശ്വാസകോശം ആവശ്യമായ വ്യക്തിയിൽ നിക്ഷേപിക്കുന്നതിന് പ്രത്യേക വിദഗ്ധ സംഘവും ശസ്ത്രക്രിയക്കായി ഉണ്ടായിരിക്കും. ലബോറട്ടറി, പാരാമെഡിക്കൽ മേഖല ടീമും ഈ ശസ്ത്രക്രിയയിൽ വലിയ പങ്കാണ് വഹിക്കുന്നത്. ദാതാവും സ്വീകർത്താവും നിരവധി പരിശോധനകൾക്ക് വിധേയമാകുന്നതിനാൽ ലബോറട്ടറിയുടെ പങ്ക് നിർണായകമാണ്. എല്ലാവിഭാഗവും തമ്മിലുള്ള ഉറച്ച സഹകരണവും ആശയവിനിമയവും ഉറപ്പുവരുത്തുന്നതിലൂടെ മാത്രമാണ് ശസ്ത്രക്രിയയുടെ വിജയം സാധ്യമാകുകയുള്ളൂ. വൃക്ക, കരൾ മാറ്റിവെക്കലിൻെറ തുടർച്ചയായാണ് രാജ്യത്ത് ശ്വാസകോശവും മാറ്റിവെക്കാൻ തുടങ്ങിയത്. മേഖലയിൽതന്നെ ഏറ്റവും മികച്ച അവയവ മാറ്റിവെക്കൽ സംവിധാനങ്ങളാണ് ഖത്തറിലുള്ളത്. 2019ൽ തുടങ്ങിയ പദ്ധതികളുടെ തുടർച്ചയായാണ് അവയവമാറ്റ ശസ്ത്രക്രിയയിലെ ഈ ശ്രദ്ധേയ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.