ദോഹ: ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ വാർഷിക സുരക്ഷ കാമ്പയിന് തുടക്കം കുറിച്ചു. എല്ലാ പ്രവർത്തനങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർഷിക സുരക്ഷ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ‘നിങ്ങളിൽ തുടങ്ങി, എന്നിൽ തുടരുന്നു’ എന്ന പ്രമേയത്തിൽ പ്ലാസ ദോഹയിൽ നടന്ന ചടങ്ങിൽ ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആഭ്യന്തര മന്ത്രാലയം, മുവസലാത്ത് (കർവ), ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുൾപ്പെടെ പങ്കാളികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാമ്പയിനിൽ ഖത്തർ ഏവിയേഷൻ സർവിസസ്, ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി, ഖത്തർ ഡ്യൂട്ടി ഫ്രീ, ഡിസ്കവർ ഖത്തർ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഒറിക്സ് ഇന്റർനാഷനൽ സ്കൂൾ തുടങ്ങി നിരവധി ഖത്തർ എയർവേസ് ഗ്രൂപ് ഡിവിഷനുകളും അനുബന്ധ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്നുണ്ട്.
സുസ്ഥിര സുരക്ഷ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരസ്പര സഹകരണമാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു വ്യോമഗതാഗത ശൃംഖല വാഗ്ദാനം ചെയ്യുകയെന്ന പൊതുലക്ഷ്യം കൈവരിക്കുകയെന്നതാണ് രാജ്യത്തിന്റെ കാഴ്ചപ്പാടെന്നും എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഞായറാഴ്ച തുടങ്ങിയ കാമ്പയിൻ ചൊവ്വാഴ്ച സമാപിച്ചു.
ക്വിസ് മത്സരം, തത്സമയ പ്രകടനങ്ങൾ, ഗെയിമുകൾ, ടീം മത്സരങ്ങൾ തുടങ്ങി ആകർഷകമായ പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടക്കുന്നത്. ഖത്തർ എയർവേസ് ഗ്രൂപ്പിലെ സുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതുമയുള്ളതും നൂതനവുമായ വഴികൾ നിരന്തരം തേടിക്കൊണ്ടിരിക്കുകയാണെന്നും, ഇത്തരമൊരു കാമ്പയിനിലെ പരസ്പര സഹകരണത്തിലും പങ്കാളിത്തത്തിലും അഭിമാനിക്കുന്നുവെന്നും അൽ മീർ കൂട്ടിച്ചേർത്തു.
പ്രദർശന ബൂത്തുകളിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ്, ട്രാഫിക്, ഡ്രഗ് എൻഫോഴ്സ്മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. എച്ച്.എം.സിയുടെ കുല്ലുന ഹെൽത്തി ഹാർട്ട് കാമ്പയിനും മറ്റൊരു ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.