ദോഹ: ഒക്ടോബർ മുതൽ ഖത്തർ വേദിയാകുന്ന ദോഹ എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറായി ഖത്തർ എയർവേസിനെ പ്രഖ്യാപിച്ചു. മിഡിലീസ്റ്റിലും വടക്കൻ ആഫ്രിക്ക ഉൾപ്പെടുന്ന ‘മിന’ മേഖലയിലുമായി ആദ്യമായെത്തുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയെ ലോകോത്തര ശ്രദ്ധയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ എയർവേസ് പ്രധാന പങ്കാളിയായി മാറുന്നത്.
സന്ദർശകരെ ആകർഷിക്കാനായി ഖത്തർ എയർവേസും ഡിസ്കവർ ഖത്തറും എല്ലാ അന്താരാഷ്ട്ര യാത്രികർക്കും എക്സ്പോയുടെ സ്റ്റോപ് ഓവർ പാക്കേജും പ്രഖ്യാപിച്ചു. ഖത്തറിലെ അത്യാഡംബര താമസവും ഫൈവ് സ്റ്റാർ-ഫോർ സ്റ്റാർ ഹോട്ടൽ സൗകര്യവും ഉൾപ്പെടെയാണ് ആകർഷകമായി പാക്കേജുകൾ പ്രഖ്യാപിക്കുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി ദോഹ എക്സ്പോയുടെ ലോഗോ പതിച്ച പ്രത്യേക വിമാനങ്ങളും ഖത്തർ എയർവേസ് പുറത്തിറക്കും. നേരത്തെ, ലോകകപ്പ് ഫുട്ബാളിന്റെയും കഴിഞ്ഞ മാസം ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെയും ഭാഗമായി വിമാനങ്ങൾ ഖത്തർ എയർവേസ് ഇറക്കിയിരുന്നു.
ദോഹ എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ ലോകമെങ്ങുമുള്ള സഞ്ചാരികളെ തങ്ങളുടെ ഏറ്റവും മികച്ച ആതിഥ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഖത്തറിൽ സാംസ്കാരികവും പാരിസ്ഥിതികവും നൂതനവുമായ അനുഭവങ്ങളുടെ ഒരുനിര വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ ദോഹ എക്സ്പോയെ പരിചയപ്പെടുത്തുന്ന വിഡിയോടുകൂടിയാവും സ്വാഗതം ചെയ്യുന്നത്. ഡിസ്കവർ ഖത്തർ വഴി യാത്രക്കാർക്ക് എക്സ്പോ പ്രവേശനവും വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.