ദോഹ: 2022ൽ അവാർഡുകളുടെ തിളക്കങ്ങൾക്കൊപ്പം കുതിച്ചുയർന്ന് ഖത്തർ എയർവേസ്. ‘എയർലൈൻ ഓഫ് ദ ഇയർ’, ‘വേൾഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ്’, ‘വേൾഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്’, ‘ബെസ്റ്റ് എയർലൈൻ ഇൻ ദ മിഡിലീസ്റ്റ്’ എന്നീ അവാർഡുകൾക്കൊപ്പം ഖത്തർ എയർവേസിന് അംഗീകാരവും ബഹുമതി മുദ്രകളും ഏറെ ലഭിച്ചു. ഖത്തർ എയർവേസ് കാർഗോയും ഖത്തർ ഡ്യൂട്ടി ഫ്രീയും ഇതിനൊപ്പം പുരസ്കാര നിറവിലെത്തി.
ജനുവരിയിൽ അയാട്ടയിൽനിന്ന് സി.ഇ.ഐ.വി ലൈവ് അനിമൽസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഖത്തർ എയർവേസ് കാർഗോയാണ് അവാർഡ് നേട്ടങ്ങൾക്ക് തുടക്കമിട്ടത്. ഈ നേട്ടം കരഗതമാക്കുന്ന ലോകത്തെ നാലാമത്തേയും മിഡിലീസ്റ്റിലെ ആദ്യത്തേയും കാർഗോയാണ് ഖത്തർ എയർവേസിന്റേത്. ജോർജിയയിലെ ത്ബിലിസിയിലേക്കും അസർബൈജാനിലെ ബകുവിലേക്കും ദോഹയിൽനിന്ന് പത്തുവർഷം വിജയകരമായി ഡയറക്ട് ഫ്ലൈറ്റ് സർവിസ് നടത്തുന്നതിന്റെ ആഘോഷം ഫെബ്രുവരിയിലാണ് നടന്നത്. ദോഹയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിന്റെ 25-ാം വാർഷികവും അതോടൊപ്പമായിരുന്നു. ഫെബ്രുവരിയിൽ പാകിസ്താനിലെ മുൾത്താനിലേക്കുള്ള ഫ്ലൈറ്റ് സർവിസ് പുനരാരംഭിക്കുകയും ചെയ്തു. ഫിഫ ക്ലബ് ലോകകപ്പിന്റെ ഒഫീഷ്യൽ എയർലൈൻ പാർട്ണറായതും അതേ മാസമായിരുന്നു.
യു.കെയിലേക്കുള്ള സർവിസ് 25 വർഷം പൂർത്തിയാക്കിയത് മാർച്ചിലാണ്. ഏപ്രിലിൽ ഇൻഡിഗോയുമായുള്ള സഹകരണം ഖത്തർ എയർവേസ് വീണ്ടും ഊട്ടിയുറപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായി ദോഹയിൽനിന്ന് ദൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റുകളിൽ ഖത്തർ എയർവേസിന്റെ മാർക്കറ്റിങ് കോഡ് പതിച്ചുതുടങ്ങി. മേയിൽ ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർട്ടിൽ ഖത്തർ എയർവേസ് സാന്നിധ്യമറിയിച്ചു.
ട്രാവൽ മാർട്ടിൽ വിർജിൻ ആസ്ട്രേലിയ എയർലൈൻസുമായും മലേഷ്യ എയർലൈൻസുമായും കോഡ്ഷെയർ ഉൾപ്പെടെയുള്ള സഹകരണം തീരുമാനിച്ചു. ജൂണിൽ 78ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വാർഷിക ജനറൽ യോഗത്തിന് ദോഹയിൽ ഖത്തർ എയർവേസ് ആതിഥ്യമൊരുക്കി. 2021-2022ൽ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവുമുയർന്ന 154 കോടി ഡോളറിന്റെ ലാഭം നേടിയതായി പ്രഖ്യാപനം വന്നു. ലോകകപ്പ് മുൻനിർത്തി ആഗസ്റ്റ് മുതൽ സർവിസുകൾ വർധിപ്പിച്ചുതുടങ്ങി.
ബർലിനിലേക്ക് ആഴ്ചയിൽ 11 ഫ്ലൈറ്റുകളായി ഉയർത്തി. ഒക്ടോബറിൽ മെൽബണിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. ഫിഫയുടെ ഔദ്യോഗിക എയർലൈൻ പാർട്ണറായ ഖത്തർ എയർവേസ്, ലോകകപ്പ് സമയത്ത് 14000ത്തോളം സർവിസുകളാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.