ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ഗൾഫ് മാധ്യമം ‘എജുകഫേ’ക്ക് ഇന്ന് അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ കൊടിയുയരും. പ്രമുഖരുടെ ഒരു നിരതന്നെയാണ് ‘എജുകഫേ’യുടെ ഖത്തറിലെ ആദ്യ പതിപ്പിൽ അണിനിരക്കുക. രാവിലെ ഒമ്പതിന് സ്റ്റാളുകൾ പ്രവർത്തനമാരംഭിക്കും. തുടർന്ന് രണ്ടു സെഷനുകളിലായി വിവിധ പരിപാടികൾ അരങ്ങേറും. വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും പങ്കെടുക്കും. വിവിധ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും സ്റ്റാളുകളും സജ്ജമാകും.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും നിലവിലെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സ്കൂൾ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പദവി ഉൾപ്പെടെ ഒട്ടേറെ ചുമതലകളും വഹിച്ച എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് എജുകഫേയിലെ ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആരതി രാജരത്നം കുട്ടികളും രക്ഷിതാക്കളുമായി വ്യത്യസ്ത വിഷയങ്ങളിൽ സംവദിക്കും. പഠനവുമായി ബന്ധപ്പെട്ട മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ രസകരമായി വിഷയങ്ങൾ അവതരിപ്പിച്ച് ഇന്ത്യയിലെ തന്റെ പ്രശസ്ത മെന്റലിസ്റ്റ് ആദി ‘ഇൻസോമ്നിയ’യുമായി വിദ്യാർഥികൾക്കുമുന്നിലെത്തും. ഇവർക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ വിദ്യാർഥികൾക്ക് പുത്തൻ പാഠങ്ങൾ പകർന്നുനൽകും.
പുതുതലമുറയിൽ ശ്രദ്ധേയനായ മോട്ടിവേഷനൽ സ്പീക്കർ സി.എം. മഹ്റൂഫിന്റെ സെഷനും പഠിതാക്കൾക്ക് മികച്ച അനുഭവമായിരിക്കും. ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നും ഏത് വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കണമെന്നുമുള്ള ആശങ്കയിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആശങ്കയകറ്റാൻ സിജി ടീമിന്റെ സേവനവും എജുകഫേയിൽ സജ്ജമാകും. വിദ്യാർഥികൾക്ക് പേഴ്സനൽ കൗൺസലിങ് സൗകര്യവുമായി സിജി സീനിയർ റിസോഴ്സ് പേഴ്സൻ അസ്കർ കെ, എസ്.ജി.എ.സി സ്റ്റേറ്റ് ഫാക്കൽറ്റി കബീർ പരപ്പൊയിൽ എന്നിവർ എജുകഫേയിലുണ്ടാകും. വിദ്യാഭ്യാസ രംഗത്തും വിവിധ മേഖലകളിലും പ്രതിഭ തെളിയിച്ച വിദ്യാർഥികളുമായി സംവദിക്കുന്ന ടോപ്പേഴ്സ് ടോക്കിനും എജുകഫെ വേദിയാകും. സെഷനുകൾ നയിക്കുന്ന എല്ലാവരുമായും സംവദിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. എജുകഫേയോടനുബന്ധിച്ച് ആകർഷകമായ സമ്മാനങ്ങളും വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഗിഫ്റ്റ് കൂപ്പണുകളുമടക്കം നിരവധി സമ്മാനങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒരുങ്ങിക്കഴിഞ്ഞു.
‘ഏർളി ചൈൽഡ്ഹുഡ് സ്റ്റിമുലേഷൻ’ നാളെ എജു കഫെയിൽ
ദോഹ: ചെറിയ പ്രായത്തിലെ കുട്ടികൾക്കിടയിലെ വെല്ലുവിളികൾ തിരിച്ചറിയാനും, നേരത്തെ പരിഹാരം കാണാനും വഴിയൊരുക്കുന്ന ‘ഏർളി ചൈൽഡ്ഹുഡ് സ്റ്റിമുലേഷൻ’ സെമിനാർ ശനിയാഴ്ച ഉച്ചക്ക് 1ന് എജുകഫേയിൽ. ‘േപ്ല ഫുൾ മൈൻഡ്സ്; പവർ ഫ്യൂച്ചേഴ്സ്; ഏർലി സ്റ്റിമുലേഷൻ ഇൻസൈറ്റ്സ്’ എന്ന വിഷയത്തിൽ വിദഗ്ധർ നയിക്കുന്ന സെഷൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപയോഗപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.