ദോഹ: റഷ്യൻ യുദ്ധത്തിനിടെ ഒറ്റപ്പെട്ട യുക്രെയ്ൻ കുട്ടികളെ കുടുംബങ്ങളിൽ തിരികെയെത്താൻ സൗകര്യമൊരുക്കി ഖത്തർ. സംഘർഷം മൂലം വേർപിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽഖാതിർ പറഞ്ഞു. മോസ്കോയിൽ ഖത്തർ എംബസി ആസ്ഥാനത്ത് കുട്ടികളെ സ്വീകരിച്ചതായും യാത്രയിലുടനീളം സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിന് മിൻസ്ക് വഴി അവരെ യുക്രെയ്നിലേക്ക് കൊണ്ടുപോയതായും ലുൽവ അൽ ഖാതിർ കൂട്ടിച്ചേർത്തു.
യുദ്ധവേളയിൽ വേർപിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങൾ വിജയത്തിലെത്തിക്കുന്നതിന് പൂർണ പിന്തുണ നൽകിയ റഷ്യൻ ബാലാവകാശ കമീഷണർ മരിയ എൽവോവ ബെലോവക്കും യുക്രെയ്ൻ പാർലമെന്റ് മനുഷ്യാവകാശ കമീഷണർ ദിമിട്രോ ലുബിനറ്റ്സിനും ലുൽവ അൽ ഖാതിർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
പുനരൈക്യ ശ്രമങ്ങൾ തുടരുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പുറമേ, സംഘർഷം ബാധിച്ച എല്ലാ സാധാരണക്കാരുടെയും സുരക്ഷക്കായി ഖത്തർ ഒരു മധ്യസ്ഥൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഏപ്രിൽ മാസത്തിൽ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി റഷ്യ, യുക്രെയ്ൻ കുടുംബങ്ങൾക്ക് ദോഹ ആതിഥേയത്വം വഹിച്ചതും കുട്ടികളെ തിരികെ കുടുംബങ്ങളിലെത്തിച്ചതും അവർ പ്രത്യേകം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.