ദോഹ: നേപ്പാളിലെ ഗ്രാമീണപ്രദേശങ്ങളിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഹീറ്റ് വേവ് റെസിലൻസ് പദ്ധതി നടപ്പാക്കി ഖത്തർ ചാരിറ്റി. യു.കെ എയ്ഡിന്റെയും സ്റ്റാർട്ട് ഫണ്ട് നേപ്പാളിന്റെയും സഹായ സഹകരണത്തോടെയാണ് പതിനായിരത്തോളം പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി പൂർത്തിയാക്കിയത്.
നേപ്പാളിലെ ബാങ്കെ, ബർദിയ, കൈലാലി ജില്ലകളിൽ ചൂടിനെ പ്രതിരോധിക്കാനുള്ള അവശ്യവസ്തുക്കൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. കൂടാതെ വാട്ടർ കൂളറുകളും ചൂടിൽ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന സ്കൂളുകളിൽ 350 സീലിങ് ഫാനുകൾ സ്ഥാപിക്കുകയും ചെയ്തതായി ഖത്തർ ചാരിറ്റി അറിയിച്ചു.ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ (ഒ.ആർ.എസ്), ഗ്ലൂക്കോസ്, വാട്ടർ ബോട്ടിലുകൾ, കുടകൾ, കൊതുക് വലകൾ, ഭക്ഷണ വൗച്ചറുകൾ എന്നിവയും പദ്ധതിക്ക് കീഴിൽ വിതരണം ചെയ്തു.പൊതുസ്ഥാപനങ്ങളിൽ യു.വി ഫിൽട്ടറേഷൻ സംവിധാനങ്ങളോട് കൂടിയ വാട്ടർ കൂളറുകളാണ് സ്ഥാപിച്ചത്. കുടിവെള്ളത്തിന്റെ മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ എ.ടി.എമ്മുകളും നിർമിച്ചു. ഉഷ്ണതരംഗങ്ങളെയും പ്രതിരോധ നടപടികളെയും കുറിച്ച് ബോധവത്കരണ സെഷനുകളും സംഘടിപ്പിച്ചു.നിലവിലെ വേനലിൽ നേപ്പാളിലെ തെരായ് പ്രദേശത്ത് 43 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തപ്പെടുന്നത്. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. മേഖലയിൽ ചൂടിനെത്തുടർന്ന് വിവിധ ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.