ദോഹ: ആകർഷകമായ ഡിസൈനുകളിൽ പോസ്റ്റർ തയാറാക്കാൻ മിടുക്കരാണോ നിങ്ങൾ. എങ്കിൽ ഒരു സുവർണാവസരമൊരുക്കുകയാണ് ഖത്തർ ടെന്നീസ് ഫെഡറേഷനും ലിവാൻ ഡിസൈൻ സ്റ്റുഡിയോയും. സ്ഥാനക്കയറ്റം കിട്ടി എ.ടി.പി 500 തലത്തിലേക്ക് ഉയരുന്ന ഖത്തർ എക്സോൺ മൊബിൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ആകർഷകമായ പോസ്റ്റർ ഡിസൈൻ തയാറാക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. ഖത്തറിന്റെ പാരമ്പര്യവും ടെന്നീസ് ചരിത്രവും പൈതൃകവുമെല്ലാം ഒന്നിപ്പിക്കുന്ന മികച്ച പോസ്റ്റർ തയാറാക്കുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.
1993ൽ തുടങ്ങി ഒരുപിടി ലോകതാരങ്ങൾ മാറ്റുരച്ച ഖത്തർ എക്സ്പോൺ മൊബിൽ ഓപൺ എ.ടി.പി ചാമ്പ്യൻഷിപ് അടുത്ത സീസൺ മുതലാണ് എ.ടി.പി 500 തലത്തിലേക്ക് ഉയരുന്നത്. 30 വർഷത്തെ പാരമ്പര്യമുള്ള ടൂർണമെന്റിന്റെ മികവും രാജ്യത്തിന്റെ സാംസ്കാരിക, ചരിത്ര പാരമ്പര്യവുമെല്ലാം അന്താരാഷ്ട്ര കാണികളിലേക്ക് പകർത്തുന്നതായിരിക്കണം ഡിസൈൻ.
തിരഞ്ഞെടുക്കുന്ന ഡിസൈൻ ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്ററായി ഉപയോഗിക്കും. വിജയിക്ക് 10,000 റിയാലാണ് സമ്മാനത്തുക. നവംബർ17ന് മുമ്പ് liwanbookings@qm.org.qa എന്ന ഇ-മെയിൽ വഴി എൻട്രി സമർപ്പിക്കണം. 2025 ഫെബ്രുവരിയിലാണ് ഖത്തർ ഓപൺ ടെന്നീസ് മത്സരം. ഖത്തറിൽനിന്നുള്ള ഡിസൈനർമാർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.