ദോഹ: വാഷിങ്ൺ ആസ്ഥാനമായുള്ള ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽ ഖത്തറിന് രണ്ടാം സ്ഥാനം. കഴിഞ്ഞ വർഷം സൂചികയിൽ ഖത്തറിന് മൂന്നാം സ്ഥാനമാണ് ഉണ്ടായിരുന്നത്.
തുറന്ന വ്യാപാര നയങ്ങളും റെഗുലേറ്ററി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് സുചികയിലെ മുന്നേറ്റത്തിൽ നിർണായകമായിരിക്കുന്നത്. ഖത്തറിന്റെ സ്ഥിരമായ സാമ്പത്തിക വളർച്ചയും ആഗോള സൂചികയിലെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നികുതി ഭാരം, ധനസ്ഥിതി, കച്ചവട സ്വാതന്ത്ര്യം, വസ്തുക്കളിലുള്ള അവകാശം, നിയമ പരിരക്ഷ, സര്‍ക്കാറിന്റെ ചെലവഴിക്കല്‍, നിയമവാഴ്ച, സർക്കാറിന്റെ വലുപ്പം എന്നിവയുൾപ്പെടെ 12 ഘടകങ്ങൾ വിലയിരുത്തിയാണ് ഹെറിറ്റേജ് ഫൗണ്ടേഷൻ ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയാറാക്കിയിരിക്കുന്നത്. നികുതി ഭാരം, സാമ്പത്തിക ആരോഗ്യം, വ്യാപാര സ്വാതന്ത്ര്യം എന്നീ മേഖലകളിൽ ഖത്തർ വലിയ മികവാണ് പുലർത്തിയിരിക്കുന്നത്.
മിന മേഖലയിൽ യു.എ.ഇയാണ് ഖത്തറിന് മുന്നിൽ ഒന്നാമതുള്ളത്. അതേസമയം, ആഗോള സൂചികയിൽ അമേരിക്കക്ക് തൊട്ടുപിറകിലായി ഖത്തറിന് 27ാം സ്ഥാനമാണുള്ളത്. യു.എ.ഇക്ക് 23ാം സ്ഥാനമാണുള്ളത്. പട്ടികയിൽ സിംഗപ്പൂർ ആണ് ഒന്നാമത്. സ്വിറ്റ്സർലൻഡ്, അയർലൻഡ്, തായ് വാൻ, ലക്സംബർഗ്, ആസ്ട്രേലിയ, ഡെൻമാർക്ക്, എസ്തോണിയ, നോർവേ, നെതർലൻഡ്സ് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ. ആഗോളതലത്തിൽ സാമ്പത്തിക സ്ഥിരത ഗണ്യമായി തകരാറിലായിട്ടുണ്ടെന്നും, പല രാജ്യങ്ങളിലും വർധിച്ചുവരുന്ന സാമ്പത്തിക കമ്മികളും പൊതുകടവും അവയുടെ ഉൽപാദന വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പൂജ്യത്തിനടുത്തുള്ള നികുതി വ്യവസ്ഥയും എൽ.എൻ.ജി വരുമാനവും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് കീഴിലുള്ള 526 ബില്യൺ ഡോളർ ആസ്തികളും അടിസ്ഥാനമാക്കിയുള്ള ശക്തമായ സാമ്പത്തിക ആരോഗ്യം റാങ്കിങ്ങിൽ വലിയ സ്വാധീനമുണ്ടാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.