ദോഹ: പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും സമാധാനവും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന രാജ്യമായി ആഗോള സമാധാന സൂചികയിൽ വീണ്ടും ഖത്തറിന്‍റെ തിളക്കം. 2022ലെ റിപ്പോർട്ടുപ്രകാരം മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ഖത്തർ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. 163 രാജ്യങ്ങളുള്ള ആഗോള റാങ്കിങ്ങിൽ 23ാം സ്ഥാനത്താണ് ഖത്തർ. മുൻ വർഷത്തേതിൽനിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇത്തവണ ആഗോള റാങ്കിങ്ങിൽ 23ലെത്തിയത്. ആസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് ആഗോള സമാധാന സൂചികയുടെ കണക്ക് പുറത്തുവിട്ടത്.

രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും, ആഭ്യന്തര പ്രശ്നങ്ങളും അന്താരാഷ്ട്രീയ സംഘർഷങ്ങളും, സൈനികവത്കരണം എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ഇതിനു പുറമെ, ആഭ്യന്തര-അന്താരാഷ്ട്രീയ വിഷയങ്ങളും ഇടപെടലുകളുമെല്ലാം റാങ്കിങ് നിശ്ചയിക്കുന്നതിൽ മാനദണ്ഡമായി പരിഗണിക്കപ്പെട്ടു. സുരക്ഷാ മേഖലയിലെ വിവിധ സൂചികകളിൽ ഉന്നത സ്ഥാനം തന്നെ ഖത്തർ നിലനിർത്തി. സമൂഹത്തിലെ കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനം, കൊലപാതകം, സുരക്ഷയും ക്രമസമാധാനവും, സംഘടിത കുറ്റകൃത്യങ്ങളും സംഘർഷങ്ങളും, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങളിൽ ഖത്തർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തരത്തിൽ ഒരു സുരക്ഷാഭീഷണിയും രാജ്യത്ത് ഇല്ലെന്നത് സമാധാന റാങ്കിങ്ങിൽ മികവായി മാറി.

2019 മുതൽ 2022 വരെയുള്ള റാങ്കിങ്ങിൽ ഗൾഫ്-അറബ് രാജ്യങ്ങളും, ഉത്തരാഫ്രിക്ക രാജ്യങ്ങളും ഉൾപ്പെടുന്ന 'മെന' മേഖലയിൽ മുൻനിര സ്ഥാനം നിലനിർത്തിയ ഖത്തറിന് ആഗോള സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്താനും കഴിഞ്ഞു.

കുറ്റകൃത്യങ്ങളിൽ കുറഞ്ഞ നിരക്ക്, ഉന്നത നിലവാരത്തിലെ ആഭ്യന്തര സുരക്ഷിതത്വം, രാഷ്ട്രീയ സ്ഥിരത, ആഭ്യന്തര സുരക്ഷ എന്നിവ രാജ്യത്തിന് മികവ് നിലനിർത്താൻ സഹായകമായി.

തുടർച്ചയായ 15 ാം വർഷവും മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തർ തുടരുന്നതിനൊപ്പം, ആഗോളതലത്തിൽ ഏറ്റവും സമാധാനപരമായ 25 രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഏക മെന രാജ്യമായും ഖത്തർ മാറി. രാഷ്ട്രീയ സ്ഥിരതയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിഞ്ഞു. 28.6 ശതമാനം വർധന പ്രകടിപ്പിച്ചപ്പോൾ, ആഗോള റാങ്കിങ്ങിൽ ഇത് രണ്ടാം സ്ഥാനത്തായി. സാമൂഹിക സുരക്ഷിതത്വത്തിൽ ജി.പി.ഐ റാങ്കിൽ അറബ് ലോകത്ത് ഒന്നും, ആഗോള റാങ്കിൽ ഒമ്പതും സ്ഥാനത്താണ്. മുൻവർഷത്തേക്കാൾ ആറു സ്ഥാനം മുകളിലാണ് ഈനേട്ടം. ഇതുപ്രകാരം ആസ്ട്രേലിയ, സ്വീഡൻ, ദക്ഷിണ കൊറിയ, നെതർലൻഡ്സ്, അയർലൻഡ്, ന്യൂസിലൻഡ്, തായ്വാൻ എന്നീ രാജ്യങ്ങളെ മറികടന്ന് ഖത്തർ ആദ്യ പത്തിൽ ഇടംപിടിച്ചു.

2019ൽ ആഗോള റാങ്കിങ്ങിൽ 31ാം സ്ഥാനത്തായിരുന്നു ഖത്തർ. 2020ൽ 27ഉം 2021ൽ 29ഉം ഇപ്പോൾ 23ഉം റാങ്കിലെത്തി. ഈ വർഷങ്ങളിലെല്ലാം മെന മേഖലയിൽ ഒന്നാം സ്ഥാനം സ്ഥാപിക്കാൻ കഴിഞ്ഞു. ആഗോള റാങ്കിങ്ങിൽ ഐസ്ലൻഡാണ് ഒന്നാം സ്ഥാനത്ത്.

ന്യൂസിലൻഡ്, അയർലൻഡ്, ഡെന്മാർക്, ഓസ്ട്രിയ, പോർചുഗൽ, െസ്ലാവേനിയ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ജപ്പാൻ എന്നിവർ ആദ്യ പത്തിലുണ്ട്. കുവൈത്ത് 39ഉം, യു.എ.ഇ 60ഉം സ്ഥാനക്കാരായി ഗൾഫ് മേഖലയിൽ നിന്നും പിന്നിലുണ്ട്. പട്ടികയിൽ ഇന്ത്യ 135ാം റാങ്കിലാണുള്ളത്. 

Tags:    
News Summary - Qatar is a place of peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.