ദോഹ: മഴക്കുവേണ്ടി പ്രാർഥനയിൽ പങ്കുചേർന്ന് ഖത്തറിലെ വിശ്വാസി സമൂഹം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളും മൈതാനങ്ങളും ഉൾപ്പെടെ 110 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഖാഅ് നമസ്കാരം നടന്നത്.
അമീർ ലുസൈലിലെ മൈതാനിയിൽ പ്രാർഥന നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ ഉൾപ്പെടെ ഉന്നതരും പ്രാർഥനയിൽ പങ്കെടുത്തു.
സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജുമായ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രഭാഷണത്തിൽ ദൈവത്തിന്റെ അനുഗ്രഹമായ മഴ പെയ്യുന്നതിനായി പാപമോചനം തേടാനും ദാനധർമങ്ങൾ സജീവമാക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വെള്ളം ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 6.05 ഓടെയായിരുന്നു ഇസ്ലാമിക മതകാര്യ മന്ത്രാലയം നിർദേശിച്ച വിവിധ ഇടങ്ങളിൽ മഴക്കുവേണ്ടിയുള്ള പ്രാർഥന നടന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മഴ വൈകുമ്പോഴും, വരൾച്ച ശക്തമാവുമ്പോഴും പ്രവാചക മാതൃക പിന്തുടർന്ന് വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ ഈ പ്രാർഥന നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.