ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിൽ (ക്യു.എഫ്.എഫ്.ഡി) നിന്നുള്ള ധനസഹായത്തോടെ യമനിൽ കോളറക്കെതിരെ സംയോജിത അടിയന്തര പ്രവർത്തനങ്ങൾക്ക് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി തുടക്കം കുറിച്ചു. 18.25 ലക്ഷം റിയാൽ ചെലവിൽ ആറ് ഗവർണറേറ്റുകളിലെ കോളറ തടയുന്നതിനായി 26 മെഡിക്കൽ സൗകര്യങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫലപ്രാപ്തിയും ഫലപ്രദമായ ഇടപെടലും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനസാന്ദ്രത കൂടിയ അമാനത് അൽ അസിമ, സൻആ, തൈസ്, ഹജ്ജ, അൽ ഹുദൈദ, ദലെ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
മൂന്ന് മാസം നീളുന്ന പദ്ധതിയിലൂടെ അഞ്ച് കേന്ദ്രങ്ങൾ (ഡി.ടി.സി) പ്രവർത്തിക്കുന്നതിന് പൂർണ സഹായം നൽകും. പദ്ധതിക്ക് കീഴിൽ ക്ലിനിക്കുകളിലും ആരോഗ്യകേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ അവബോധ സേവനങ്ങൾ എന്നിവ നൽകുന്നതിന് 21 ഓറൽ റീഹൈഡ്രേഷൻ കോർണറുകൾ (ഒ.ആർ.സി/ഒ.ആർ.ടി) സ്ഥാപിക്കുകയും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യും.
ജീവനക്കാരുടെ വേതനം, സന്നദ്ധ പ്രവർത്തകർക്ക് ആരോഗ്യ വിദ്യാഭ്യാസ പരിശീലനം, 200 കുടുംബങ്ങൾക്ക് ജലശുദ്ധീകരണ ഫിൽട്ടറുകൾ എന്നിവയും പദ്ധതിക്ക് കീഴിൽ നൽകും. ഈ വർഷമാദ്യം ഖത്തർ റെഡ്ക്രസന്റ് അടിയന്തര കോളറ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.