ദോഹ: വിശ്വമേളക്ക് കൊടിയേറാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ കോട്ടകെട്ടിയ സുരക്ഷയൊരുക്കാനെത്തിയ ഖത്തറിന്റെ സേനാംഗങ്ങൾക്ക് ഒളിമ്പിക് നഗരിയിൽ ഹൃദ്യമായ സ്വീകരണം. ജൂലൈ 26 മുതൽ സെപ്റ്റംബർ എട്ടു വരെ നീളുന്ന ഒളിമ്പിക്സിനായി ദോഹയിൽനിന്നെത്തിയ സംഘത്തെ പാരിസിൽ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത സംഘം സ്വീകരിച്ചു.
ഒളിമ്പിക്സ് സുരക്ഷ ചുമതലയുള്ള ഖത്തർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ നവാഫ് മാജിദ് അൽ അലി, ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥരായ മേജർ ജനറൽ ഇമ്മാനുവൽ മെൽകർനിയ, മേജർ ജനറൽ ജീൻ വാൽറെ ലെറ്റർമാൻ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നീ ലോകമേളയുടെ സുരക്ഷ സഹകരണത്തിനാണ് ഖത്തറിന്റെ സംഘം ആതിഥേയരെ പിന്തുണക്കുന്നത്.
ലോകകപ്പ് ഫുട്ബാളിന് പഴുതടച്ച സുരക്ഷ ഒരുക്കിയതിന്റെ അനുഭവം ഖത്തർ ഫ്രാൻസിന് പകർന്നു നൽകും. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലാണ് സംഘത്തെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.