ഖത്തറിെൻറ വർഷമാണ് 2022 എന്ന് അടയാളപ്പെടുത്തുന്നതാണ് പോയ വർഷം. ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളുടെയും നിർമാണം പൂർത്തിയായി, ലോകകപ്പ് വേദികളിൽ ട്രയൽ റണ്ണായി മാറിയ ഫിഫ അറബ് കപ്പ് മത്സരങ്ങൾക്കുള്ള വിജയകരമായ സംഘാടനം, ലോകകപ്പിലേക്ക് നാളുകൾ എണ്ണിത്തുടങ്ങിയുള്ള കൗണ്ട്ഡൗൺ ക്ലോക്കിെൻറ അനാഛാദനം... അങ്ങനെ 2022 വിശ്വമേളയിലേക്ക് ഒരു വർഷം മുമ്പേ പൂർണസജ്ജരായെന്ന് പ്രഖ്യാപിക്കുകയാണ് ഖത്തർ. ഈ മണ്ണും ആകാശവും സമ്പൂർണമായി ഫുട്ബാൾ ആവേശത്തിൽ മുങ്ങിയ ദിനങ്ങൾ.
എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളുടെ മുറ്റത്തും പന്തുരുണ്ട് കഴിഞ്ഞു. ഫൈനൽ മത്സരവേദിയായ ലുസൈൽ ഐക്കണിക് സ്റ്റേഡിയം നിർമാണം പൂർത്തിയായി. പുതുവർഷത്തിൽ അതിഗംഭീരമായി തന്നെ ലുസൈലും ഉദ്ഘാടനം ചെയ്യപ്പെടും. അറബ് മേഖലയിലെ 16 ടീമുകൾ പങ്കെടുത്ത അറബ് കപ്പായിരുന്നു 2021ലെ ഖത്തറിെൻറ ഏറ്റവും വലിയ ആഘോഷം. ജൂണിൽ 14 ടീമുകൾ പങ്കെടുത്ത യോഗ്യത റൗണ്ടും, അവിടെ നിന്നും യോഗ്യത നേടിയ ഏഴു പേരെ കൂടി ഉൾപ്പെടുത്തി 16 ടീമുകളുടെ ഫൈനൽ റൗണ്ടുമായി ഫുട്ബാളിലെ വലിയ പെരുന്നാളായി മാറിയ നാളുകൾ. ഗ്രൂപ് റൗണ്ടും നോക്കൗട്ടും ഉൾപ്പെടെ 32 മത്സരങ്ങൾ. അൽജീരിയ, തുനീഷ്യ, ഈജിപ്ത്, മൊറോക്കോ തുടങ്ങി ആഫ്രിക്കൻ ഫുട്ബാളിലെ പവർഹൗസുകൾക്കൊപ്പം ആതിഥേയരായ ഖത്തറും, മറ്റു ഏഷ്യൻ കരുത്തരും ഇഞ്ചോടിഞ്ച് പോരടിച്ചപ്പോൾ കാണികൾക്ക് മികച്ച അനുഭവമായി മാറി. ലോകകപ്പിനായി ഖത്തറിെൻറ തയാറെടുപ്പുകൾ പരീക്ഷിക്കാനുള്ള അവസരമായിരുന്നു ചാമ്പ്യൻഷിപ്. സ്റ്റേഡിയ സജ്ജീകരണങ്ങൾ, സുരക്ഷ സന്നാഹം, ഗതാഗത സംവിധാനങ്ങൾ, കാണികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങി എല്ലാം പരീക്ഷിക്കപ്പെട്ടു. ആറു ലക്ഷത്തോളം കാണികളാണ് അറബ് കപ്പിനായി ആറ് വേദികളിലുമെത്തിയത്.
ടീം എന്ന നിലയിൽ ഖത്തർ ദേശീയ ടീമും നേട്ടമുണ്ടാക്കിയ വർഷമായി 2021. അറബ് കപ്പിലെ മിന്നും പ്രകടനവുമായി മൂന്നാം സ്ഥാനം തന്നെ അതിൽ ശ്രദ്ധേയം. ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനങ്ങൾ, ജൂലൈയിൽ കോൺകകാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ മികച്ച വിജയങ്ങൾ, തൊട്ടുപിന്നാലെ, പോർച്ചുഗലും അയർലൻഡും സെർബിയയും അടങ്ങിയ യൂറോപ്യൻ സൗഹൃദ ഫുട്ബാൾ സീസണുകൾ. കോച്ച് ഫെലിക്സ് സാഞ്ചസിനു കീഴിൽ മികച്ച ടീമായി മാറുകയാണ് ലോകകപ്പിൽ പന്തുതട്ടാൻ ഒരുങ്ങുന്ന ഖത്തർ.
ലോകകപ്പിെൻറ ഒരു വർഷ കൗണ്ട് ഡൗണിന് കോർണിഷിൽ പ്രൗഢഗംഭീരമായ തുടക്കമായി. മുൻ ലോക താരങ്ങളും, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും, ഖത്തറിെൻറ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു കൗണ്ട്ഡൗൺ ക്ലോക്ക് ഒരു വർഷ സമയസൂചികയിലേക്ക് ചലിച്ചു തുടങ്ങിയത്. ഖത്തറിെൻറ പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായി കോർണിഷിൽ കൗണ്ട്ഡൗൺ ക്ലോക്ക് ലോകത്തിനായി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.