ദോഹ: ജി.സി.സി രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി ആരംഭിച്ച സാഹചര്യത്തിൽ ഖത്തറിന്റെ കര അതിർത്തിയിൽ തിരക്കേറും. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് അവധിക്കാലത്ത് നിരവധി പേരാണ് ഖത്തറിൽ എത്താറുള്ളത്. അബൂസംറ അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നവരും ഖത്തറിൽനിന്ന് പുറത്ത് കടക്കുന്നവരും തിരക്ക് കുറക്കാൻ പ്രീ-രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് ദോഹ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായതിനാൽ ഈദ് ദിവസങ്ങളിൽ ഖത്തറിന്റെ ഏക കര അതിർത്തിയായ അബൂ സംറയിൽ വാഹനങ്ങളുടെ കടുത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിർത്തിയിലെ യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കാനും വാഹനങ്ങൾക്ക് എളുപ്പത്തിൽ ഖത്തറിലേക്കും പുറത്തേക്കും കടക്കാനും പ്രാപ്തമാക്കുന്ന സൗകര്യമാണ് മെട്രാഷ് 2 ആപ്പിലെ പ്രീ-രജിസ്ട്രേഷൻ. മുൻകൂർ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി നിശ്ചയിച്ച പാതയിലൂടെ എളുപ്പം കടക്കാൻ കഴിയും. അതേസമയം, മുൻകൂർ രജിസ്ട്രേഷൻ നടത്താതെയും വരാം. ബാക്കി പാതകളെല്ലാം സാധാരണ പോലെ പ്രവർത്തിക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം
മെട്രാഷ് 2 ആപ് ലോഗിൻ ചെയ്ത് ട്രാവൽ സർവിസസ് തിരഞ്ഞെടുത്ത ശേഷം അബൂസംറ അതിർത്തി ക്രോസിങ്ങിനായുള്ള ‘പ്രീ രജിസ്ട്രേഷൻ’ ഓപ്ഷൻ തിരഞ്ഞെടുക്കണം. പിന്നീട് വാഹനം, ഡ്രൈവർ, യാത്രക്കാർ എന്നിവരെക്കുറിച്ച വിവരങ്ങൾ നൽകുക. അപേക്ഷ സ്ഥിരീകരിച്ചത് സംബന്ധിച്ച് ഉപയോക്താവിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മൊബൈൽ സന്ദേശവും ലഭിക്കുന്നതോടെ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.
അതേസമയം, അബൂസംറ അതിർത്തിയിലെ നിയുക്ത പാതയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ നൽകുകയും പ്രീ-രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായെന്ന സ്ഥിരീകരണം ലഭിക്കുകയും ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി, എക്സിറ്റ് നടപടികൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് 2ലും മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും സന്ദർശകർക്കും ഹയ്യ പ്ലാറ്റ്ഫോമിലും പ്രീ-രജിസ്ട്രേഷൻ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.