ദോഹ: ഉദ്ഘാടന മത്സരത്തിൽ ഗാലറി നിറഞ്ഞ നാട്ടുകാർക്കു മുന്നിൽ ലബനാനെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസവുമായി ആതിഥേയരായ ഖത്തർ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. ഏഷ്യൻ കപ്പ് ഗ്രൂപ് ‘എ’യിൽ തജികിസ്താനാണ് ഖത്തറിന്റെ എതിരാളി. 60,000ത്തിലേറെ കാണികൾക്ക് ഇരിപ്പിട ശേഷിയുള്ള അൽ ബെയ്ത് സ്റ്റേഡിയമാണ് രണ്ടാം അങ്കത്തിന് സാക്ഷിയാകുന്നത്. വൈകുന്നേരം 5.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ലബനാനെ 3-0ത്തിന് തോൽപിച്ച് ചാമ്പ്യന്മാർക്കൊത്ത പകിട്ടുമായി തുടങ്ങിയ ഖത്തറിന് ഒരു ജയം കൂടിയായാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. അതേസമയം, ആദ്യമത്സരത്തിൽ കരുത്തരായ ചൈനയെ ഗോൾ രഹിത സമനിലയിൽ തളച്ചവരാണ് തജികിസ്താൻ. ഗ്രൂപ്പിൽ ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായ ചൈനയുടെ ആക്രമണ ഫുട്ബാളിന് അതേ നാണയത്തിൽ മറുപടി നൽകിയായിരുന്നു തജിക്കുകാർ സ്കോർ ബോർഡ് നിശ്ചലമാക്കിയത്.
ലുസൈലിൽ അക്രം അഫിഫിന്റെ ഇരട്ട ഗോളും അൽ മുഈസ് അലിയുടെ ഗോളുമായിരുന്നു ഖത്തറിന് വിജയമൊരുക്കിയത്. ലബനാന് ഒരിക്കൽപോലും കളിയിൽ മേധാവിത്വം സ്ഥാപിക്കാനും അനുവദിച്ചില്ല. ആദ്യ കളിയിലെ അതേ മികവോടെ രണ്ടാം അങ്കത്തിനായി ടീം സജ്ജമായതായി കോച്ച് മാർക്വിസ് ലോപസ് പ്രീമാച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തജികിസ്താനെതിരായ മത്സരം എളുപ്പമാവില്ലെന്നറിയാം. അവർ ചൈനക്കെതിരെ നന്നായി കളിച്ചു. എന്നാൽ, എതിരാളിയുടെ വലുപ്പമറിഞ്ഞുതന്നെ ടീം സജ്ജമായി കഴിഞ്ഞു -ഖത്തർ ഗോൾകീപ്പർ മിഷാൽ ബർഷിം പറഞ്ഞു. പ്രതിരോധ ലൈനിലും ആക്രമണത്തിലും മികച്ച നിരയാണ് തജികിസ്താനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആദ്യ മത്സരത്തിൽ സമനിലയോടെ ഒരു പോയന്റ് പിടിച്ച തജികിസ്താന്‍ സമ്മർദങ്ങളില്ലാതെ കളിക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് പീറ്റർ സെഗാർട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.