ദോഹ: ഇസ്രായേലിന്റെ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നുകളും ഉൾപ്പെടെ അടിയന്തര സഹായവുമായി ഖത്തർ.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് 37 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തരി വിമാനം ഈജിപ്തിലെ സിനായിലെ അൽ അരിഷിലെത്തിയത്. ഖത്തർ ഫണ്ടിന്റെ സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ആശുപത്രി കിടക്കകൾ, ഐ.സി.സി, എമർജൻസി വിഭാഗം തുടങ്ങി വിവിധ വസ്തുക്കളുമായി വിമാനം ദോഹയിൽനിന്ന് ഈജിപ്തിലെത്തിയത്.
ഈജിപ്തും ഗസ്സയും അതിർത്തി പങ്കിടുന്ന റഫ വഴി റോഡുമാർഗം കടന്നുപോകാനുള്ള സൗകര്യംകൂടി കണക്കിലെടുത്താണ് അൽ അരിഷിലെത്തുന്നത്. തുർക്കി, ജോർഡൻ, യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ദുരിതാശ്വാസസഹായങ്ങളുമായി വിമാനങ്ങൾ ഇവിടെയെത്തിയിട്ടുണ്ട്.
10 ദിവസം മുമ്പ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, ഖത്തർ ചാരിറ്റി നേതൃത്വത്തിൽതന്നെ ഫലസ്തീൻ ദുരിതാശ്വാസപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ‘ഫലസ്തീനുവേണ്ടി’ എന്ന പേരിൽ ആരംഭിച്ച കാമ്പയിനിൽ രാജ്യത്തെ പൗരന്മാരും താമസക്കാരും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് സംഭാവനകൾ നൽകുന്നത്.
ദോഹ: ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ചചെയ്യുന്നതിനും മേഖലയിലെ സമാധാനശ്രമങ്ങൾക്കുമായി ഈജിപ്ത് വിളിച്ചു ചേർത്ത ഫലസ്തീൻ ഉച്ചകോടിയിൽ ഖത്തർ അമീറിന് ക്ഷണം. ഒക്ടോബർ 21ന് കൈറോയിലാണ് ഈജിപ്തിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസിയുടെ ക്ഷണം, ഖത്തറിലെ അംബാസഡർ അമീർ അൽ ഷെർബിനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കൈമാറി. അമിരി ദിവാനിയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ക്ഷണക്കത്ത് കൈമാറിയത്.
ദോഹ: ഇസ്രായേൽ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായവുമായി ഖത്തർ ചാമ്പ്യൻ ക്ലബ് അല്‍സദ്ദ് എഫ്.സി. ഒക്ടോബർ 23ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ നാലിലൊന്ന് തുക ഗസ്സക്ക് സഹായമായി പ്രഖ്യാപിച്ചാണ് ടീം ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ജോർഡൻ ക്ലബായ അൽ ഫൈസലിക്കെതിരെയാണ് ടീമിന്റെ ഗ്രൂപ് റൗണ്ടിൽ മത്സരം.
ടിക്കറ്റ് വിൽപനയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം ഖത്തർ ചാരിറ്റിയുടെ ‘ഫലസ്തീൻ’ ഫണ്ടിലേക്ക് സംഭാവനയായി നൽകാനാണ് തീരുമാനം. ടിക്കറ്റ് വിൽപനക്ക് തിങ്കളാഴ്ച തുടക്കംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.