ദോഹ: സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ രോഗിക്ക് ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ചികിത്സാ സംവിധാനങ്ങളിൽ തുടർ പരിശോധന നടത്താനുള്ള റഫറലുകൾ ഇനി മുതൽ എച്ച്.എം.സിയുടെ നസ്മഅക് പോർട്ടൽ വഴി അപ് ലോഡ് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔട്ട്പേഷ്യന്റ് അപ്പോയ്ന്റ്മെന്റ് സമയം ക്രമീകരിക്കുന്നതിലും അത് കൈകാര്യം ചെയ്യുന്നതിനുമുള്ള നടപടികൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം.
റഫറൽ അപ് ലോഡ് ചെയ്യുന്നതോടെ എച്ച്.എം.സി ബുക്കിങ് മാനേജ്മെന്റ് ടീം റഫറൽ ഷെഡ്യൂൾ രജിസ്റ്റർ ചെയ്യും. രോഗിക്ക് അനുയോജ്യമായ തീയതിയും സമയവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കുമിത്. അപ്പോയ്ന്റ്മെന്റ് സമയം നിശ്ചയിച്ചാൽ രോഗിക്ക് എസ്.എം.എസ് വഴി സന്ദേശം ലഭിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ എച്ച്.എം.സി അറിയിച്ചു. അതേസമയം, പി.എച്ച്.സി.സിയിൽ നിന്നുള്ള ഇലക്ട്രോണിക് റഫറലുകൾ എച്ച്.എം.സിയിലേക്ക് നേരിട്ട് അയക്കുകയും സ്വയമേവ പ്രക്രിയ പൂർത്തീകരിക്കുകയും ചെയ്യും. അപ്പോയ്ന്റ്മെന്റ് സമയം മാറ്റുന്നതിനും റദ്ദാക്കുന്നതിനും രോഗികൾക്ക് നസ്മഅകിന്റെ മുഴുസമയവും ലഭ്യമാകുന്ന 16060 നമ്പറിൽ ബന്ധപ്പെടാം.
എച്ച്.എം.സിയുടെ പുതിയ അപ്പോയ്ന്റ്മെന്റും റഫറൽ സംവിധാനവും ഉപയോഗിച്ച് രോഗിയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ വിലയിരുത്തുകയും കൃത്യസമയത്ത് ശരിയായ ഡോക്ടറുമായി അപ്പോയ്ന്റ്മെന്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുവെന്നും, ഈ സംവിധാനം എല്ലാ ആശുപത്രികളിലും ലഭ്യമാണെന്നും എച്ച്.എം.സി അറിയിച്ചു. എച്ച്.എം.സിയുടെ ഈ വർഷം ഏപ്രിലിലെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് വിവിധ ആശുപത്രികളിലായി രണ്ടുലക്ഷത്തിലധികം (208688) അപ്പോയ്ന്റ്മെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.