ഫ്ലാറ്റ്​ സമുച്ചയം 

താമസവാടക ഉയർന്നു തന്നെ

ദോഹ: ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിലെ താമസ വാടകയിൽ കാര്യമായ വർധനവ് രേഖപ്പെടുത്തി. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിന് മുന്നോടിയായി താമസ യൂണിറ്റുകളിലുണ്ടായ വർധിച്ച ആവശ്യകതയാണ് വാടക വർധനവിന് പിന്നിലെന്നാണ് നിഗമനം.

വർഷാവസാനത്തോടെ താമസ യൂണിറ്റുകളുടെ ലഭ്യത കുറയുന്നതിനാൽ താമസ കെട്ടിടങ്ങളുടെ വാടക ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോള റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് തയ്യാറാക്കിയ ഏറ്റവും പുതിയ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിവ്യൂ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് എത്തുന്ന ആരാധകർക്കായി പ്രാദേശിക സംഘാടകരായ സൂപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി താമസ കെട്ടിടങ്ങൾ റിസർവ് ചെയ്തത് വാടക കൂട്ടുന്നതിൽ വലിയ പങ്ക് വഹിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടൂർണമെൻറ് കാലയളവിലേക്ക് തങ്ങളുടെ ജീവനക്കാർക്ക് താമസസൗകര്യം ഉറപ്പുവരുത്തുന്നതിന് കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് വലിയ ആവശ്യമുയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

അപ്പാർട്ട്മെൻറുകൾക്ക് പുറമേ വില്ല കോമ്പൗണ്ടുകൾക്കും വാടക വർധിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി വില്ല കോമ്പൗണ്ടുകളിൽ ഉയർന്ന താമസനിരക്കാണ് രേഖപ്പെടുത്തുന്നത്. നഗരത്തിൽ വില്ല കോമ്പൗണ്ടുകളിൽ രണ്ട് ശതമാനം മുതൽ അഞ്ച് ശതമാനം വരെ വാടക വർധനവുണ്ടായിട്ടുണ്ടെന്ന് കുഷ്മാൻ ആൻഡ് വേക്ഫീൽഡ് വിശദീകരിക്കുന്നു. രാജ്യത്തെ പാർപ്പിട സ്ഥലങ്ങളുടെ ആവശ്യകതയിലും വിതരണത്തിലും വർഷം തോറും അഞ്ച് ശതമാനത്തിലധികം വർധനവുണ്ടായതായ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദം വരെ രാജ്യത്ത് 230,000 അപ്പാർട്ട്മെൻറുകളുണ്ട്, 130,000 വില്ലകളും. പുതിയ റെസിഡൻഷ്യൽ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഈ വർഷം മുഴുവനും വിതരണത്തിലും വർധനവുണ്ടാകും. ലോകകപ്പിന് മുമ്പായി പുതിയ 4000 യൂണിറ്റുകൾ തയ്യാറാക്കുമെന്ന് എസ്ദാൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ലോകകപ്പിനെത്തുന്നവർക്ക് വുകൈറിൽ ബർവയുടെ മദീനത്നയിൽ 6800 യൂണിറ്റുകളാണ് തയ്യാറാകുന്നത്.

Tags:    
News Summary - Rents would have gone up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.