ദോഹ: റോഡുകളിലെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ബോധവത്കരണവും ഖത്തറിലെ നിരത്തുകളെ കൂടുതൽ സുരക്ഷിതമാക്കിയെന്ന് റിപ്പോർട്ട്. മുൻവർഷങ്ങളേക്കാൾ റോഡ് അപകടങ്ങളും മരണവും പരിക്കും കുറഞ്ഞതായും, പൊതുജനങ്ങൾ കൂടുതൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം റോഡ് ട്രാഫിക് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞതായി മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം ജനങ്ങളിൽ 5.3 എന്ന ശരാശരിയിലായിരുന്നു 2023ലെ റോഡ് അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പോയവർഷം 168 റോഡപകട മരണങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തത്. ആഗോള ശരാശരിയേക്കാൾ ഏറെ കുറവാണ് ഇത്.
ഒരു ലക്ഷം ജനങ്ങളിൽ 15 റോഡപകട മരണം എന്നതാണ് നിലവിലെ ആഗോള ശരാശരി. റോഡ് അപകടങ്ങളിലെ ഗുരുതര പരിക്കിന്റെ കാര്യത്തിലും 2022നേക്കാൾ 2023ൽ 19.8 ശതമാനം കുറഞ്ഞു. അപകടത്തിന്റെ തീവ്രത 12.6 ശതമാനവും കുറഞ്ഞു. ആകെ അപകടങ്ങളിൽ 1.5 ശതമാനമാണ് മരണം സൂചിപ്പിക്കുന്നത്. റോഡിൽ പൊലിഞ്ഞ സ്വദേശി പൗരന്മാരുടെ എണ്ണത്തിലും മുൻവർഷങ്ങളേക്കാൾ 2023ൽ കുറവ് രജിസ്റ്റർ ചെയ്തു.
52.7 ശതമാനമാണ് കുറവ്. 10നും 39നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടവരിൽ 66.7 ശതമാനവും. അതേസമയം, ആകെ അപകടങ്ങളിൽ 95.4 ശതമാനവും നിസ്സാര വാഹന അപകട കേസുകളാണുള്ളത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്ന പ്രവണത കൂടുതലും പുരുഷന്മാരിലാണ് കാണുന്നത്. കണക്കുകൾ പ്രകാരം, നിയമ ലംഘനത്തിൽ 90.6 ശതമാനവും പുരുഷ ഡ്രൈവർമാരിൽ നിന്നാണുണ്ടാകുന്നത്.
വനിതകൾ ഓടിക്കുന്ന വാഹനങ്ങൾ 9.4 ശതമാനമാണ് ലംഘനങ്ങൾ നടത്തുന്നത്. പുതുതായി ഡ്രൈവിങ് ലൈസൻസ് നേടിയവരും ഗതാഗത ലംഘനം നടത്തുന്നതിൽ കുറവില്ല. അശ്രദ്ധയാണ് 49.7 ശതമാനം അപകടങ്ങളുടെയും പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. 16.8 ശതമാനം കേസുകൾ റോഡ് ലൈനിൽ നിന്നും തെറ്റായി മാറി ഓടിയതും 12.1 ശതമാനമാവട്ടെ വേണ്ടത്ര അകലം പാലിക്കാതെ ഓടിച്ചതുമാണ്.
ഖത്തറിലെ റോഡുകളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണവും മറ്റുമാണ് വാഹനാപകട കേസുകൾ മുൻവർഷങ്ങളേക്കാൾ കുറയാൻ കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തടയാനും സീറ്റ് ബെൽറ്റ് ലംഘനം പിടികൂടാനുമായി സെപ്റ്റംബർ ആദ്യവാരം മുതൽ സ്ഥാപിച്ച എ.ഐ റഡാർ കാമറകൾ ഡ്രൈവിങ് കൂടുതൽ കുറ്റമറ്റതാക്കിമാറ്റി.
ഇതിനു പുറമെ, ട്രാഫിക് പെട്രോൾ, മെട്രോ-ബസുകൾ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം, 98ഓളം പാലങ്ങൾ, നടപ്പാതകൾ എന്നിവയുടെ നിർമാണം, ബോധവത്കരണ പരിപാടികൾ എന്നിവയും റോഡപകടങ്ങൾ കുറയാൻ സഹായകമായി. വാർത്തസമ്മേളനത്തിൽ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ് ബിൻ ജാസിം ആൽഥാനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.